സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ച 'ഹാൽ' സിനിമ കേരള ഹൈക്കോടതി നേരിട്ട് കാണും. ചിത്രത്തിന്റെ നിർമ്മാതാക്കൾ നൽകിയ ഹർജിയിലാണ് കോടതിയുടെ ഈ നിർണായക നടപടി. ജസ്റ്റിസ് വി.ജി അരുൺ ശനിയാഴ്ച വൈകിട്ട് ഏഴ് മണിക്ക് കാക്കനാട്ടുള്ള കളർ പ്ലാനറ്റ് സ്റ്റുഡിയോയിൽ വെച്ചാണ് സിനിമ കാണുന്നത്.
ജസ്റ്റിസിനൊപ്പം ഹർജിക്കാരുടെ അഭിഭാഷകൻ, സെൻസർ ബോർഡ് അഭിഭാഷകൻ, ചിത്രത്തിനെതിരെ കക്ഷി ചേർന്ന കത്തോലിക്ക കോൺഗ്രസ് പ്രതിനിധി എന്നിവർക്കും സിനിമ കാണാൻ അവസരമുണ്ടാകും.
ചിത്രത്തിലെ ചില സംഭാഷണങ്ങളും രംഗങ്ങളും ചൂണ്ടിക്കാട്ടി 19 കട്ടുകൾ വേണമെന്ന് ആവശ്യപ്പെട്ടാണ് സെൻസർ ബോർഡ് 'ഹാൽ' സിനിമയ്ക്ക് പ്രദർശനാനുമതി നിഷേധിച്ചത്. ‘ധ്വജപ്രണാമം’, ‘സംഘം കാവലുണ്ട്’, ‘ആഭ്യന്തര ശത്രുക്കൾ’ തുടങ്ങിയ സംഭാഷണങ്ങളും ബീഫ് ബിരിയാണി കഴിക്കുന്ന രംഗവും ഉൾപ്പെടെയുള്ളവയാണ് സെൻസർ ബോർഡ് ഒഴിവാക്കാൻ നിർദേശിച്ചത്.
എന്നാൽ, ഈ രംഗങ്ങൾ ഒഴിവാക്കുന്നത് സിനിമയുടെ കഥയെയും ഒഴുക്കിനെയും ബാധിക്കുമെന്നും, ഇത് ആവിഷ്കാര സ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമാണെന്നും ചൂണ്ടിക്കാട്ടിയാണ് നിർമ്മാതാക്കൾ ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ സമാനമായ രീതിയിൽ 'ജെ.എസ്.കെ' എന്ന സിനിമയുടെ പ്രദർശനാനുമതിയുമായി ബന്ധപ്പെട്ട തർക്കത്തിലും ഹൈക്കോടതി സിനിമ കണ്ട ശേഷമാണ് വിധി പറഞ്ഞത്. ഹൈക്കോടതി സിനിമ കണ്ട ശേഷം എടുക്കുന്ന തീരുമാനം 'ഹാൽ' സിനിമയുടെ റിലീസിൽ നിർണായകമാകും.