തിരുവനന്തപുരം: കേരളത്തെ നടുക്കിയ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെട്ടു. അതീവ സുരക്ഷാ സംവിധാനങ്ങളുള്ള പത്താം ബ്ലോക്കിൽ നിന്നാണ് ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചിരുന്ന പ്രതി രക്ഷപ്പെട്ടത്. സംഭവത്തിൽ പോലീസ് പൊതുജനങ്ങളുടെ സഹായം തേടിയിട്ടുണ്ട്.
ഇന്ന് പുലർച്ചെയാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയതെന്നാണ് പോലീസിൻ്റെ നിഗമനം. രാവിലെ അഞ്ചു മണിയോടെ നടത്തിയ പരിശോധനയിലാണ് സെല്ലിൽ നിന്ന് പ്രതിയെ കാണാനില്ലെന്ന് ജയിൽ അധികൃതർ സ്ഥിരീകരിക്കുന്നത്. രാത്രി ഒന്നേകാൽ മണിയോടെ ഗോവിന്ദച്ചാമി മതിലിന് സമീപത്തേക്ക് എത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.
അതീവ സുരക്ഷാ ബ്ലോക്കിലെ സെല്ലിന്റെ കമ്പികൾ വളച്ചാണ് ഇയാൾ പുറത്തുകടന്നതെന്നാണ് സംശയം.
പുറത്തുനിന്ന് സഹായം ലഭിച്ചെന്ന് ഉറപ്പിച്ച് പോലീസ്
ഒറ്റക്കയ്യനായ ഗോവിന്ദച്ചാമിക്ക് പുറത്തുനിന്നുള്ള സഹായമില്ലാതെ ജയിൽ ചാടാൻ കഴിയില്ലെന്നാണ് പോലീസിൻ്റെ നിഗമനം. ഇത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. ഡിഐജിയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
പൊതുജനങ്ങളുടെ ശ്രദ്ധയ്ക്ക്
കൊടുംകുറ്റവാളിയായ ഗോവിന്ദച്ചാമിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9446899506 എന്ന നമ്പറിൽ ഉടൻതന്നെ അറിയിക്കണമെന്ന് ജയിൽ അധികൃതർ അഭ്യർത്ഥിച്ചു. ഒറ്റക്കയ്യനാണ് ഇയാൾ എന്നത് പ്രധാന തിരിച്ചറിയൽ അടയാളമാണ്.
2011 ഫെബ്രുവരി ഒന്നിനാണ് എറണാകുളം-ഷൊർണൂർ പാസഞ്ചർ ട്രെയിനിൽ വെച്ച് 23-കാരിയെ ഗോവിന്ദച്ചാമി ആക്രമിച്ചത്. ട്രെയിനിൽ നിന്ന് തള്ളിയിട്ട ശേഷം ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സൗമ്യ ഫെബ്രുവരി ആറിന് തൃശ്ശൂർ മെഡിക്കൽ കോളേജിൽ വെച്ച് മരണത്തിന് കീഴടങ്ങി.
തൃശൂർ അതിവേഗ കോടതി ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിക്കുകയും ഹൈക്കോടതി അത് ശരിവെക്കുകയും ചെയ്തിരുന്നു. എന്നാൽ, 2016-ൽ ഗോവിന്ദച്ചാമി നൽകിയ അപ്പീലിൽ സുപ്രീം കോടതി വധശിക്ഷ റദ്ദാക്കി. കൊലക്കുറ്റം സംശയാതീതമായി തെളിയിക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ട്രെയിനിൽ നിന്ന് 23-കാരി സ്വയം ചാടിയതാണോ അതോ ഗോവിന്ദച്ചാമി തള്ളിയിട്ടതാണോ എന്ന് വ്യക്തമല്ലെന്നും, സംശയത്തിന്റെ ആനുകൂല്യം പ്രതിക്ക് നൽകുന്നുവെന്നും കോടതി നിരീക്ഷിച്ചു. അതേസമയം, ബലാത്സംഗക്കുറ്റത്തിനുള്ള ജീവപര്യന്തം തടവ് സുപ്രീം കോടതി ശരിവെച്ചിരുന്നു. ഈ ശിക്ഷ അനുഭവിച്ചുവരുന്നതിനിടെയാണ് പ്രതി ഇപ്പോൾ ജയിൽ ചാടിയിരിക്കുന്നത്.