കേരള ഭാഗ്യക്കുറി വകുപ്പിന്റെ മാറ്റിവച്ച തിരുവോണം ബമ്പര്‍ നറുക്കെടുപ്പും പൂജാ ബമ്പര്‍ ടിക്കറ്റിന്റെ പ്രകാശനവും ഇന്ന് നടക്കും. തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ തിരുവോണം ബമ്പര്‍ നറുക്കെടുപ്പും പൂജാ ബമ്പര്‍ പ്രകാശനവും നിര്‍വഹിക്കും.
തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിയുടെ 75 ലക്ഷം ടിക്കറ്റുകളാണ് ഈ വര്‍ഷം വിറ്റഴിച്ചത്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വില്പന നടന്നത്. 14,07,100 ടിക്കറ്റുകള്‍ വിറ്റഴിച്ചപ്പോള്‍ 9,37,400 ടിക്കറ്റുകള്‍ വിറ്റ തൃശ്ശൂരാണ് രണ്ടാമത്. മൂന്നാം സ്ഥാനത്തുള്ള തിരുവനന്തപുരത്ത് 8,75,900 ടിക്കറ്റുകളും ഏജന്‍സികള്‍ വഴി വില്പന നടന്നു. ഒന്നാം സമ്മാനമായി 25 കോടി രൂപയാണ് ഓണം ബമ്പര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പിലൂടെ ലഭിക്കുന്നത്.
രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേര്‍ക്കും മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേര്‍ക്കും നാലാം സമ്മാനമായി അഞ്ചുലക്ഷം വീതം 10 പരമ്പരകള്‍ക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 10 പരമ്പരകള്‍ക്കും ലഭിക്കും. 5,000 മുതല്‍ 500 രൂപ വരെ സമ്മാനവുമുണ്ട്. ഉച്ചയ്ക്ക് ഒരുമണിക്ക് നടക്കുന്ന ചടങ്ങില്‍ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ നറുക്കെടുപ്പ് നിര്‍വഹിക്കും. ആന്റണി രാജു എംഎല്‍എ അധ്യത വഹിക്കുന്ന ചടങ്ങില്‍
വി.കെ. പ്രശാന്ത് എംഎല്‍എ, ഭാഗ്യക്കുറി വകുപ്പ് ഡയറക്ടര്‍ ഡോ. മിഥുന്‍ പ്രേംരാജ് എന്നിവര്‍ സന്നിഹിതനായിരിക്കും. 12 കോടി രൂപ ഒന്നാം സമ്മാനമായി ലഭിക്കുന്ന പൂജാ ബമ്പര്‍ ഭാഗ്യക്കുറി ടിക്കറ്റിന്റെ വില്പനയും ഇതോടൊപ്പം ആരംഭിക്കും. മുന്നൂറ് രൂപയാണ് ടിക്കറ്റിന്റെ വില. നവംബര്‍ 22ന് ഉച്ചയ്ക്ക് രണ്ടുമണിക്കാണ് പൂജാ ബമ്പര്‍ നറുക്കെടുക്കുക. കഴിഞ്ഞ 27-ന് നടത്താന്‍ നിശ്ചയിച്ചിരുന്ന തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് അപ്രതീക്ഷിതമായുണ്ടായ കനത്ത മഴയിലും ജിഎസ്ടി മാറ്റവുമായി ബന്ധപ്പെട്ടാണ് മാറ്റിവച്ചത്.