എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഇനി കേരളം കേന്ദ്രീകരിച്ച് പ്രവർത്തിക്കും. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹത്തിന് ഹൈക്കമാൻഡ് ഈ നിർദേശം നൽകിയിരിക്കുന്നത്. ആഴ്ചയിൽ നാല് ദിവസം കേരളത്തിൽ തങ്ങി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനാണ് രാഹുൽ ഗാന്ധി അദ്ദേഹത്തിന് നിർദേശം നൽകിയിട്ടുള്ളത്. കെ.സി. വേണുഗോപാലിന്റെ പ്രവർത്തനം ഇനി ജില്ലകൾ കേന്ദ്രീകരിച്ചായിരിക്കും.
കെ.പി.സി.സി. പുനഃസംഘടനയെ തുടർന്നുള്ള തർക്കങ്ങൾ ശമിപ്പിക്കുക, സ്ഥാനാർത്ഥി നിർണയം, പാർട്ടി ശക്തിപ്പെടുത്തൽ, യു.ഡി.എഫ്. വിപുലീകരണം തുടങ്ങിയ വലിയ ഉത്തരവാദിത്തങ്ങളാണ് ഹൈക്കമാൻഡ് അദ്ദേഹത്തെ ഏൽപ്പിച്ചിട്ടുള്ളത്. എല്ലാ ജില്ലകളും കേന്ദ്രീകരിച്ച് ഓരോ ടീമിനെ തയ്യാറാക്കും. ഈ ടീമുകളുടെ നിയന്ത്രണം കെ.സി. വേണുഗോപാലിനായിരിക്കും. സ്ഥാനാർത്ഥി നിർണയം ഉൾപ്പെടെയുള്ള നിർദേശങ്ങൾക്ക് ഈ ടീമുകൾക്ക് പ്രാധാന്യം നൽകാനാണ് ഹൈക്കമാൻഡ് തീരുമാനം. നിലവിൽ കേരളത്തിലെ രാഷ്ട്രീയ സാഹചര്യം കോൺഗ്രസിന് അനുകൂലമാണ് എന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. മതന്യൂനപക്ഷത്തിനും ഭൂരിപക്ഷത്തിനും ഒരുപോലെ സമ്മതനാണ് കെ.സി. വേണുഗോപാൽ എന്നതും അദ്ദേഹത്തെ കേരളത്തിലേക്ക് അയക്കാൻ ഹൈക്കമാൻഡിനെ പ്രേരിപ്പിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പിൽ കെ.സി. വേണുഗോപാൽ മത്സരിക്കുമോ എന്ന കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കും. വേണുഗോപാൽ മുന്നണിയിൽ സജീവമാകുന്നതോടെ മറ്റ് നേതാക്കന്മാർ അദ്ദേഹത്തോടൊപ്പം നിന്നേ മതിയാകൂ. വിഭാഗീയതയുടെ സ്വരം ഉയർന്നാൽ കടുത്ത നടപടികളെക്കുറിച്ച് കേന്ദ്രം ആലോചിക്കുമെന്നും മുന്നറിയിപ്പുണ്ട്.