ശബരിമലയിലെ സ്വർണ്ണപ്പാളികൾ സംബന്ധിച്ച വിവാദത്തിൽ, അവയുടെ അളവും ഗുണമേന്മയും കൃത്യമായി തിട്ടപ്പെടുത്തുന്നതിനായി വീണ്ടും ശാസ്ത്രീയ പരിശോധന നടത്താൻ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം (SIT) ഒരുങ്ങുന്നു. ഇതിനായി സന്നിധാനത്തെ സ്വർണ്ണപ്പാളികളിൽ നിന്നും വീണ്ടും സാമ്പിളുകൾ ശേഖരിച്ച് തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് സെന്ററിൽ (VSSC) പരിശോധനയ്ക്ക് അയയ്ക്കും. സാമ്പിളുകൾ ശേഖരിക്കാനും ശാസ്ത്രീയ പരിശോധന നടത്താനും ഹൈക്കോടതിയുടെ അനുമതി തേടും.
നേരത്തെ വി.എസ്.എസ്.സിയിലെ ശാസ്ത്രജ്ഞർ നൽകിയ മൊഴിയിൽ ചെമ്പുപാളികൾ ഒറിജിനൽ ആണെങ്കിലും, അതിൽ പൂശിയിരിക്കുന്ന സ്വർണ്ണത്തിന്റെ അളവിൽ കുറവുണ്ടെന്ന് കണ്ടെത്തിയിരുന്നു. ദ്വാരപാലക ശിൽപ്പത്തിന് മുകളിലും ശ്രീകോവിലിലെ പടിക്ക് മുകളിലുമായി പൂശിയിട്ടുള്ള ചെമ്പുപാളികളിൽ സ്വർണ്ണത്തിന്റെ അളവിൽ കുറവുണ്ടെന്നാണ് VSSC റിപ്പോർട്ട്.
1999-ൽ ശബരിമലയിൽ സ്ഥാപിച്ച സ്വർണ്ണപ്പാളികൾ ഇപ്പോഴും സ്ട്രോങ് റൂമിൽ ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. എന്നാൽ, പൂശിയ സ്വർണ്ണത്തിന്റെ ഗുണമേന്മയും തൂക്കവും എത്രത്തോളമുണ്ടെന്ന് വീണ്ടും പരിശോധിക്കുന്നതിലൂടെ കേസിൽ കൂടുതൽ വ്യക്തത വരുത്താനാണ് SIT ലക്ഷ്യമിടുന്നത്. ഈ പരിശോധന പൂർത്തിയാക്കാൻ ഏകദേശം 15 ദിവസമെങ്കിലും വേണ്ടിവരും.
കേസിലെ പ്രതികളെ കേന്ദ്രീകരിച്ചുള്ള അന്വേഷണം SIT ഊർജിതമാക്കിയിട്ടുണ്ട്. പല ആളുകളെയും ആവർത്തിച്ച് ചോദ്യം ചെയ്തിട്ടുണ്ട്. ഇതിനിടെ, നടൻ ജയറാമിന്റെ മൊഴി രേഖപ്പെടുത്തിയതും, അദ്ദേഹത്തിൻ്റെ വീട്ടിൽ സ്വർണ്ണം പൂശൽ നടത്തിയെന്ന് അദ്ദേഹം സമ്മതിച്ചതും ശ്രദ്ധേയമാണ്. പ്രതികളായ ആളുകളുടെ വീടുകളും ബാങ്ക് അക്കൗണ്ടുകളും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ED) ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വ്യക്തമായ നിഗമനത്തിൽ എത്താനാണ് EDയുടെ നീക്കം.
നിലവിൽ, പല പ്രതികളും 90 ദിവസത്തെ കസ്റ്റഡി കാലാവധി പൂർത്തിയാക്കി സ്വാഭാവിക ജാമ്യത്തിൽ പുറത്തുപോകാനുള്ള സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ, അന്വേഷണ നടപടികൾ വേഗത്തിലാക്കാനുള്ള ശ്രമത്തിലാണ് പ്രത്യേക അന്വേഷണ സംഘം.