ജാർഖണ്ഡിലെ സർക്കാർ ആശുപത്രിയിൽ രക്തം സ്വീകരിച്ച അഞ്ച് കുട്ടികൾക്ക് എച്ച്.ഐ.വി. (HIV) ബാധ സ്ഥിരീകരിച്ചു. ഏഴ് വയസ്സുകാരനായ ഒരു കുട്ടിയും ഇതിൽ ഉൾപ്പെടുന്നു. സിംഭൂം ജില്ലയിലെ ചൈബാസയിലുള്ള സർക്കാർ ആശുപത്രിയിലാണ് ആരോഗ്യവകുപ്പിന്റെ ഗുരുതരമായ വീഴ്ച വെളിപ്പെടുത്തിയ ഈ സംഭവം നടന്നത്. തലസീമിയ രോഗം ബാധിച്ച കുട്ടികൾക്കാണ് ഇത്തരത്തിൽ എച്ച്.ഐ.വി. പിടിപെട്ടത്.
തലസീമിയ രോഗികൾക്ക് രക്ത ശുദ്ധീകരണം ആവശ്യമായതിനാൽ നിരന്തരമായി രക്തം സ്വീകരിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ അശ്രദ്ധ കാരണം കുട്ടികൾക്ക് എച്ച്.ഐ.വി. ബാധിച്ചത്. രക്തസാമ്പിൾ പരിശോധനയിലെ വീഴ്ചകൾ, റെക്കോർഡുകൾ സൂക്ഷിക്കുന്നതിലെ പിഴവുകൾ, സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കാത്തത് എന്നിവയുൾപ്പെടെ നിരവധി ക്രമക്കേടുകൾ അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഉപയോഗിച്ച സൂചികൾ വീണ്ടും ഉപയോഗിച്ചതാകാം രോഗബാധയ്ക്ക് കാരണമെന്നും വിദഗ്ദ്ധ സംഘം അഭിപ്രായപ്പെട്ടു.
ഈ സംഭവത്തിൽ ജാർഖണ്ഡ് ഹൈക്കോടതി സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംസ്ഥാന ആരോഗ്യ സെക്രട്ടറിയിൽ നിന്നും ജില്ലാ സിവിൽ സർജനിൽ നിന്നും ഹൈക്കോടതി റിപ്പോർട്ട് തേടിയിട്ടുണ്ട്. ഡോക്ടർമാരായ ഷിപ്രദാസ്, എൻ.എസ്. പാസ്വാൻ, ഭഗത് ജിൽ, സിവില്‍ സര്‍ജന്‍ ഡോക്ടർ സുശാന്തോ കുമാർ എന്നിവരുൾപ്പെടെ ഏഴംഗ പ്രത്യേക അന്വേഷണ സംഘമാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നത്.
നിലവിൽ പശ്ചിമ സിംഭൂം ജില്ലയിൽ മാത്രം 515 എച്ച്.ഐ.വി. പോസിറ്റീവ് രോഗികളും 56 തലസീമിയ രോഗികളും ഉണ്ടെന്ന് ഔദ്യോഗിക രേഖകൾ വ്യക്തമാക്കുന്നു. കൂടുതൽ പേരിലേക്ക് രോഗം പടരുന്നത് തടയാൻ രക്തദാനവുമായി ബന്ധപ്പെട്ട എല്ലാ രക്തദാതാക്കളെയും കണ്ടെത്താൻ ആരോഗ്യ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ആശുപത്രി അധികൃതരുടെ അനാസ്ഥയ്ക്കെതിരെ ശക്തമായ പ്രതിഷേധവുമായി രോഗികളുടെ ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്നുണ്ടായ ഈ ഗുരുതരമായ വീഴ്ച വലിയ ആശങ്കയാണ് ഉയർത്തുന്നത്.