ബരാബങ്കി: യൂട്യൂബ് വീഡിയോ കണ്ട് വ്യാജ ക്ലിനിക്ക് ഉടമയും ഇയാളുടെ അനന്തരവനും ശസ്ത്രക്രിയ നടത്തിയ യുവതി മരിച്ചു.യുപിയിലെ ബരാബങ്കിയിലാണ് സംഭവം. തെഹ്ബഹാദൂര്‍ റാവത്തിന്റെ ഭാര്യ മുനിഷ്ര റാവത്താണ് മരിച്ചത്. സംഭവത്തില്‍ ക്ലിനിക് ഓപ്പറേറ്ററായ ഗ്യാന്‍ പ്രകാശ് മിശ്ര, ഇയാളുടെ അനന്തരവന്‍ വിവേക് കുമാര്‍ മിശ്ര എന്നിവര്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.
കടുത്ത വയറുവേദനയെ തുടര്‍ന്നാണ് ഡിസംബര്‍ അഞ്ചാം തീയതി മുനിഷ്ര റാവത്തിനെ ഭര്‍ത്താവ് കോത്തിയിലെ ശ്രീ ദാമോദര്‍ ഔഷധാലയയിലെത്തിച്ചത്. ഇവര്‍ക്ക് മൂത്രാശയത്തിലെ കല്ലുമായി ബന്ധപ്പെട്ട അസുഖമുണ്ടായിരുന്നു. മുനിഷ്രയെ പരിശോധിച്ച ഗ്യാന്‍ പ്രകാശ് മിശ്ര, മൂത്രാശയത്തിലെ കല്ല് കാരണമാണ് വയറുവേദനയെന്നും ശസ്ത്രക്രിയ വേണമെന്നും നിര്‍ദേശിക്കുകയായിരുന്നു. ശസ്ത്രക്രിയക്കായി 25,000 രൂപ ചെലവ് വരുമെന്നും പറഞ്ഞു. ശസ്ത്രക്രിയയ്ക്ക് മുമ്പായി തെഹ്ബഹാദൂര്‍ റാവത്ത് 20,000 രൂപ ഇയാള്‍ക്ക് നല്‍കിയതായി പൊലീസ് പറഞ്ഞു. ശസ്ത്രക്രിയയുടെ സമയത്ത് ഗ്യാന്‍ പ്രകാശ് മിശ്ര മദ്യലഹരിയിലായിരുന്നുവെന്നും യൂട്യൂബ് വീഡിയോ കണ്ടശേഷമാണ് ശസ്ത്രക്രിയ ആരംഭിച്ചതെന്നും ഭര്‍ത്താവ് പരാതിയില്‍ പറഞ്ഞു.
അനന്തരവന്‍ വിവേക് കുമാര്‍ മിശ്ര ഇയാളെ സഹായിച്ചു.ഗ്യാന്‍ പ്രകാശ് മിശ്ര, മുനിഷ്രയുടെ വയറ്റില്‍ ആഴത്തിലുള്ള മുറിവുണ്ടാക്കി. നിരവധി ഞരമ്പുകളും മുറിച്ചു. ഇതോടെ ഡിസംബര്‍ ആറിന് വൈകുന്നേരത്തോടെ മുനിഷ്ര മരിക്കുകയായിരുന്നുവെന്നും ഭര്‍ത്താവ് പരാതിയില്‍ പറയുന്നു. ഗ്യാന്‍ പ്രകാശ് മിശ്രയുടെ അനന്തരവന്‍ വിവേക് കുമാര്‍ മിശ്ര റായ്ബറേലിയിലെ ഒരു ആയുര്‍വേദ ആശുപത്രിയില്‍ ജോലിചെയ്യുന്നുണ്ടെന്നും സര്‍ക്കാര്‍ ജോലിയുടെ മറവില്‍ വര്‍ഷങ്ങളായി നിയമവിരുദ്ധമായി ക്ലിനിക് നടത്തുകയായിരുന്നുവെന്നും പൊലീസ്.