സി.പി.എം നേതാവ് കെ.ജെ. ഷൈൻ ടീച്ചർക്കെതിരെ അപവാദ പ്രചാരണം നടത്തിയെന്ന കേസിൽ യൂട്യൂബർ കെ.എം. ഷാജഹാനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ചെങ്കൽച്ചൂളയിലെ വീട്ടിൽ നിന്നാണ് ഇന്നലെ രാത്രി പൊലീസ് ഷാജഹാനെ കസ്റ്റഡിയിലെടുത്തത്. വൈദ്യപരിശോധനകൾക്ക് ശേഷം ഇന്ന് കൊച്ചിയിൽ കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരം.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാർത്തകളിൽ ഇടം നേടിയ വിഷയമാണിത്. ഷൈൻ ടീച്ചർക്കെതിരായ രണ്ടാമത്തെ പരാതിയിലാണ് ഷാജഹാനെതിരെ കേസെടുത്തിരിക്കുന്നത്. പുറത്തിറക്കിയ ഒരു വീഡിയോയിൽ ഷൈൻ ടീച്ചറുടെ പേര് വ്യക്തമായി പരാമർശിച്ചതാണ് ഈ കേസിന് ആധാരം.
നേരത്തെ, ആദ്യ പരാതിയിൽ ഷാജഹാനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. "ഹാരിസ്മെന്റ് ഒഫൻസ്" അഥവാ പിന്തുടർന്ന് ശല്യം ചെയ്തതിനാണ് നിലവിൽ ഷാജഹാനെതിരെ കേസെടുത്തിട്ടുള്ളത്.
ഈ കേസിൽ മൂന്ന് പ്രതികളാണ് നിലവിലുള്ളത്. ഒന്നാം പ്രതി പ്രാദേശിക നേതാവ് ഗോപാലകൃഷ്ണനാണ്, ഇയാൾ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചിട്ടുണ്ട്. രണ്ടാം പ്രതി അറസ്റ്റിലായ കെ.എം. ഷാജഹാനാണ്. മൂന്നാം പ്രതി കൊട്ടോടി അബു എന്ന യാസർ വിദേശത്താണെന്നും, ഇയാൾക്കെതിരെ ലുക്കൗട്ട് നോട്ടീസ് അടക്കമുള്ള നടപടികൾക്ക് പൊലീസ് ഒരുങ്ങുകയാണെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഷൈൻ ടീച്ചർക്കെതിരെയുള്ള പോസ്റ്ററുകൾ ഏതൊക്കെ ഹാന്റിലുകളിൽ നിന്നാണ് വന്നതെന്നും, ഇത് പോസ്റ്റ് ചെയ്തവരുടെ കൂടുതൽ വിവരങ്ങളും പൊലീസ് അന്വേഷിച്ചുവരികയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായാൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുണ്ട്.കഴിഞ്ഞ ദിവസം ഷാജഹാനെ ചോദ്യം ചെയ്യാനായി ആലുവ പൊലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ സി.പി.എം പ്രവർത്തകർ വലിയ രീതിയിലുള്ള പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.