Share this Article
News Malayalam 24x7
പ്രൊഫഷണല്‍ ടാലന്റ് പൂളിൽ 172% വളര്‍ച്ച; രാജ്യത്തെ ഒന്‍പതാമത്തെ വലിയ തൊഴിലാളി ശക്തിയുള്ള സംസ്ഥാനമായി കേരളം, ലിങ്ക്ഡ്ഇന്‍ ടാലന്റ് ഇന്‍സൈറ്റ്‌സ് റിപ്പോര്‍ട്ട്
വെബ് ടീം
4 hours 35 Minutes Ago
1 min read
kerala

കൊച്ചി: കേരളത്തിന്റെ തൊഴിലാളി ശക്തിയില്‍ ധ്രുതഗതിയിലുള്ള വളര്‍ച്ചയുണ്ടായതായി ലിങ്ക്ഡ്ഇന്‍ ടാലന്റ് ഇന്‍സൈറ്റ്‌സ് റിപ്പോര്‍ട്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സംസ്ഥാനത്തെ പ്രൊഫഷണല്‍ ടാലന്റ് പൂള്‍ 172% വളര്‍ച്ച കൈവരിച്ചു. ഈ വളര്‍ച്ചയിലൂടെ കേരളം രാജ്യത്തെ ഒന്‍പതാമത്തെ വലിയ തൊഴിലാളി ശക്തിയുള്ള സംസ്ഥാനമായി മാറി.

സ്‌കില്‍ കേരള ഗ്ലോബല്‍ സമിറ്റ് വേദിയില്‍ പുറത്തിറക്കിയ ഈ റിപ്പോര്‍ട്ട് പ്രകാരം കേരളത്തിലെ തൊഴിലാളി ശക്തിയുടെ 40 ശതമാനവും കൊച്ചി, തിരുവനന്തപുരം, തൃശ്ശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. കൂടുതല്‍ പ്രൊഫഷണലുകളും സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍, അക്കൗണ്ടന്റ്, അധ്യാപകന്‍ എന്നീ മേഖലകളിലാണ് പ്രവര്‍ത്തിക്കുന്നത്.

കേരളത്തിന്റെ തൊഴിലാളി ശക്തിയില്‍ 37% വനിതകളാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ദേശീയ ശരാശരി 30%നെ അപേക്ഷിച്ച് കൂടുതലാണിത്.വിദേശരാജ്യങ്ങളില്‍ നിന്ന്, പ്രധാനമായും ഗള്‍ഫ് മേഖലകളില്‍നിന്ന് സികില്‍ഡ് പ്രൊഫഷണലുകള്‍ സംസ്ഥാനത്തേക്ക് തിരിച്ചെത്തുന്നുവെന്നാണ് റിപ്പോര്‍ട്ടിലെ മറ്റൊരു പ്രധാന കണ്ടെത്തല്‍. യു.എ.ഇയില്‍ നിന്നുമാത്രം 52% പേര്‍ തിരിച്ചെത്തിയതായി കണ്ടെത്തലുണ്ട്. ബിസിനസ് ഓപ്പറേഷന്‍സ്, ഫിനാന്‍സ്, സംരംഭകത്വം എന്നീ മേഖലകളില്‍ ഇവര്‍ക്ക് അനുഭവസമ്പത്തുള്ളവരാണ് ഇത്തരത്തില്‍ തിരിച്ചെത്തുന്നത് എന്നതും ശ്രദ്ധേയമാണ്. അതോടൊപ്പം കര്‍ണാടകയടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള ആഭ്യന്തര കുടിയേറ്റവും കേരളത്തിലെ ഇന്നൊവേഷന്‍, ടെക്നോളജി മേഖലകള്‍ക്ക് പുതിയ ശക്തി പകരുന്നു.

കേരള ഡെവലപ്മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (K-DISC), നോളജ് ഇക്കണോമി മിഷന്‍ തുടങ്ങിയ പദ്ധതികളിലൂടെ സംസ്ഥാനത്ത് നൈപുണ്യ  വികസനത്തിന് വലിയ ഊന്നല്‍ ലഭിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡാറ്റാ അനാലിസിസ്, ഫിനാന്‍ഷ്യല്‍ പ്ലാനിങ് തുടങ്ങിയ മേഖലകലിലെ ഡിജിറ്റല്‍, പ്രൊഫഷണല്‍ പരിശീലനങ്ങളില്‍ പങ്കാളിത്തം ഇരട്ടിയായി. ഐ.ടി സര്‍വീസസ്, ഫിനാന്‍സ്, ഹെല്‍ത്ത്കെയര്‍, മാനുഫാക്ചറിംഗ് എന്നീ മേഖലകളില്‍ കേരളം ദേശീയ തലത്തിലുള്ള നിയമന പാറ്റേണുമായി പൊരുത്തപ്പെടുന്നുവെങ്കിലും, ബയോടെക്നോളജി, ഓട്ടോമേഷന്‍, അഡ്വാന്‍സ്ഡ് അനാലിറ്റിക്‌സ് എന്നീ മേഖലകളില്‍ സംസ്ഥാനത്തിന് ഇനിയും വലിയ സാധ്യതകളുണ്ടെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories