തൃശ്ശുർ: ഇ.പി ജയരാജന്റെ പുസ്തകത്തിന് ഒരു കള്ളന്റെ ആത്മകഥയെന്നാണ് പേരിടേണ്ടിയിരുന്നതെന്ന് ശോഭ സുരേന്ദ്രൻ. തനിക്കെതിരെയുള്ള ആരോപണങ്ങൾക്ക് ജയരാജനെക്കൊണ്ട് കോടതിയിൽ മറുപടി പറയിക്കും. തന്റെ മകനെ ശോഭ സുരേന്ദ്രൻ ഫോണിൽ വിളിച്ചപ്പോൾ മത്സരിപ്പിക്കാനാണ് വിളിച്ചതെന്ന് തോന്നിയെന്നാണ് ജയരാജൻ എഴുതിയിട്ടുള്ളത്.
ഫോൺ വിളിച്ചാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാവുമെന്ന് തിരിച്ചറിയുന്ന പ്രത്യേക യന്ത്രം ജയരാജന്റെ കയ്യിലുണ്ടോ എന്നും ശോഭ ചോദിച്ചു.പുസ്തകം വായിച്ചപ്പോൾ ഉള്ളിൽ ചിരിക്കുകയായിരുന്നു. പലപ്പോഴും താൻ പറഞ്ഞതൊക്കെ അതിൽ മറനീക്കി പുറത്തുവന്നിട്ടുണ്ട്. യഥാർഥത്തിൽ അതിന് ഇടേണ്ട പേര് കള്ളന്റെ ആത്മകഥ എന്നായിരുന്നു.
തന്റെ പഴയ വാർത്തസമ്മേളനം കേട്ടാലറിയാം. ജയരാജനുമായി കൂടിക്കാഴ്ച നടത്തിയ അന്ന് രാമനിലയത്തിലെ തൊട്ടടുത്ത മുറിയിൽ മന്ത്രി രാധാകൃഷ്ണനും പൊലീസ് ഓഫീസർമാരും ഉണ്ടായിരുന്നു. മന്ത്രിയുടെ മുറിയോട് ചേർന്നായിരുന്നു ഇ.പി താമസിച്ചിരുന്ന മുറി. രാധാകൃഷ്ണനെ കവർ ചെയ്ത് പുറത്തിറങ്ങി വരാനാവില്ലെന്ന് അറിയിച്ചതിനെ തുടർന്നാണ് താൻ പുറത്തിറങ്ങി നോക്കിയത്. ആകെ മൂന്ന് വട്ടമാണ് താൻ രാമനിലയത്തിൽ പോയിട്ടുള്ളത്. അതിൽ ഒന്ന് ഇ.പി ജയരാജനെ കാണാനായിരുന്നുവെന്നും ശോഭ പറഞ്ഞു.