തിരുവനന്തപുരം: ദേശീയ പാത നിർമാണവുമായി കേരളത്തിനു ബന്ധമില്ലെന്നും, വീണ്ടും റീൽസ് ഇടുമെന്നും പറഞ്ഞ മുഹമ്മദ് റിയാസിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.റിയാസിന്‍റെ റീൽസ് തുടരാമെന്നായിരുന്നു സതീശൻ പറഞ്ഞത്. അൻപതിലേറെ സ്ഥലങ്ങളിൽ വിളളലുണ്ട്. അവിടെ എല്ലാം പോയി റിയാസ് റീൽസ് ഇടട്ടെയെന്നും സതീശൻ പറഞ്ഞു.
നിര്‍മാണത്തില്‍ അശാസ്ത്രീയത ഉണ്ടെന്ന് നേരത്തെ പറഞ്ഞിട്ടുണ്ട്. എട്ടുകാലി മമ്മൂഞ്ഞ് ചമഞ്ഞ് നടക്കുകയാണ് മന്ത്രി റിയാസെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.നാണക്കേട് മറയ്ക്കുന്നതിന് വേണ്ടി മന്ത്രി എന്തൊക്കെയോ പറയുകയാണെന്നും സതീശൻ പറഞ്ഞു.
പാലാരിവട്ടം പാലത്തിൽ അപാകതയുണ്ടെന്ന റിപ്പോർട്ടാണ് പുറത്തുവന്നത്. പിണറായി സർക്കാർ വന്നതിന് ശേഷമാണ് ആ പാലത്തിന് ടാറിങ് വരെ നടത്തിയത്. പാലം ഇടിഞ്ഞു വീണില്ല. എന്നിട്ടും മന്ത്രിക്കെതിരേ വിജിലൻസ് കേസെടുത്ത സര്‍ക്കാരാണ് ഇപ്പോള്‍ കേന്ദ്രത്തിലെ ആരെ പറ്റിയും അന്വേഷിക്കാതെ നിൽക്കുന്നതെന്നു സതീശൻ കുറ്റപ്പെടുത്തി.
ഉമ്മൻ ചാണ്ടി കൊണ്ടുവന്ന വിഴിഞ്ഞം തുറമുഖത്തിന്‍റെ ക്രെഡിറ്റ് ഏറ്റെടുക്കാൻ ആദ്യം നോക്കി. അത് ജനങ്ങൾക്ക് മനസിലായതോടെ അത് ഉപേക്ഷിച്ചു. പിന്നീട് കേന്ദ്ര സർക്കാർ നടപ്പാക്കുന്ന ഒരു പദ്ധതിയുടെ ക്രെഡിറ്റ് പൂര്‍ണമായും ഏറ്റെടുക്കാന്‍ നോക്കി.നാലാം വാര്‍ഷികത്തില്‍ അതിന് വിള്ളല്‍ വീണു. ഞങ്ങള്‍ക്ക് വലിയ സന്തോഷമായി എന്നതാണ് മന്ത്രിയുടെ പരാതിയെന്നും സതീശൻ പറഞ്ഞു. ഡിപിആറില്‍ മാറ്റം വരുത്തിയെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞത് ഉത്തരവാദിത്തത്തോടെ ആയിരിക്കുമെന്ന് കരുതുന്നെന്നും സതീശൻ കൂട്ടിച്ചേർത്തു.