പാകിസ്ഥാനുമായുള്ള വെടിനിര്‍ത്തല്‍ ധാരണ അവസാനിച്ചെന്ന വാര്‍ത്ത ഇന്ത്യൻ സൈന്യം തള്ളി. വെടിനിര്‍ത്തല്‍ ധാരണയ്ക്ക് അവസാന തീയതിയില്ലെന്ന് സൈന്യം വ്യക്തമാക്കി. ഇന്ത്യയുടെയും പാകിസ്ഥാന്റെയും ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപറേഷന്‍സ് തമ്മില്‍ പുതിയതായി ഒരു ചര്‍ച്ചയും തീരുമാനിച്ചിട്ടില്ലെന്നും സൈന്യം വ്യക്തമാക്കി. വെടിനിര്‍ത്തല്‍ ധാരണ മെയ് 18ന് അവസാനിക്കുമെന്ന രീതിയില്‍ ചില മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്ത നല്‍കിയതിന് പിന്നാലെയാണ് സൈന്യത്തിന്റെ വിശദീകരണം.
ഇന്ത്യ- പാകിസ്ഥാൻ സംഘർഷത്തിന് പിന്നാലെ സൈന്യത്തിന് നാല്പതിനായിരം കോടി രൂപയുടെ ആയുധങ്ങളും പ്രതിരോധ സംവിധാനങ്ങളും വാങ്ങാൻ കേന്ദ്രസർക്കാർ അനുമതി നല്കിയത് സൈന്യത്തിൻ്റെ ആത്മവിശ്വാസം ഇരട്ടിയാക്കിയിട്ടുണ്ട്. പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ് അധ്യക്ഷനായ പ്രതിരോധ സംഭരണ സമിതിയാണ് അടിയന്തര ആയുധ സംഭരണ അധികാരം നല്കിയത്.
അതേസമയം പാകിസ്ഥാൻ സർക്കാർ സുരക്ഷ ഏർപ്പെടുത്തിയിരുന്ന ലഷ്കർ കൊടുംഭീകരൻ നിസാനി ഖാലിദ് ഇന്നലെ പാകിസ്ഥാനിൽ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവം സൈന്യം വിലയിരുത്തുന്നുണ്ട്. 2005ൽ ബംഗലുരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലും 2006ൽ നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്തും നടന്ന ആക്രമണങ്ങളുടെ മുഖ്യസൂത്രധാരനും ലഷ്കർ ഇ തൊയ്ബ ഭീകരനുമാണ് റസുള്ള നിസാനി ഖാലിദ്. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ അജ്ഞാതരായ മൂന്ന് തോക്കുധാരികളാണ് നിസാനിയെ കൊലപ്പെടുത്തിയത്.