പൈലറ്റുമാരുടെ നിർബന്ധിത വിശ്രമം സംബന്ധിച്ച പുതിയ ഡ്യൂട്ടി ചട്ടത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) ഇളവ് അനുവദിച്ചു. ഇതോടെ 600-ഓളം വിമാന സർവീസുകൾ റദ്ദാക്കേണ്ടി വന്ന ഇൻഡിഗോ വിമാനക്കമ്പനിക്ക് താൽക്കാലിക ആശ്വാസമായി. പൈലറ്റുമാരുടെ നിർബന്ധിത വിശ്രമ സമയം 36 മണിക്കൂറിൽ നിന്ന് 48 മണിക്കൂറായി ഉയർത്തിയ പുതിയ ചട്ടം നടപ്പിലാക്കിയതാണ് ഇൻഡിഗോയെ പ്രതിസന്ധിയിലാക്കിയത്. ഇതോടെ ആവശ്യത്തിന് പൈലറ്റുമാരില്ലാതെ സർവീസുകൾ മുടങ്ങുകയായിരുന്നു.
എന്നാൽ, ഇൻഡിഗോയിലെ പ്രതിസന്ധി മുതലെടുത്ത് എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് ഉൾപ്പെടെയുള്ള മറ്റ് വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തി. കൊച്ചി-മുംബൈ, കൊച്ചി-ഡൽഹി റൂട്ടുകളിൽ ടിക്കറ്റ് നിരക്ക് 35,000 രൂപ മുതൽ 45,000 രൂപ വരെയായി വർദ്ധിച്ചു. സാധാരണ 10,000 രൂപയ്ക്ക് താഴെ ലഭിച്ചിരുന്ന ടിക്കറ്റുകൾക്കാണ് ഈ വൻ വർധനവ്. ക്രിസ്മസ്-പുതുവത്സര അവധിക്കാലം അടുത്തിരിക്കെ, നാട്ടിലേക്ക് മടങ്ങാനിരിക്കുന്ന വിദ്യാർത്ഥികൾക്കും മറ്റ് യാത്രക്കാർക്കും ഇത് വലിയ തിരിച്ചടിയായിരിക്കുകയാണ്.
ഡി.ജി.സി.എ ഇളവ് അനുവദിച്ചെങ്കിലും സർവീസുകൾ പൂർണമായും സാധാരണ നിലയിലാകാൻ രണ്ട് മാസമെങ്കിലും സമയമെടുക്കുമെന്ന് ഇൻഡിഗോ സി.ഇ.ഒ അറിയിച്ചു. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു.