Share this Article
News Malayalam 24x7
വാംഖഡെയില്‍ സഞ്ജുവും സംഘവും ഇംഗ്ലീഷ് പരീക്ഷ പാസ്സായി; ചാമ്പ്യന്മാർ ഇത്തവണയും ഫൈനലിൽ, കലാശപ്പോരിൽ കീവികളെ നേരിടും
വെബ് ടീം
posted on 05-03-2026
1 min read
T20

മുംബൈ: കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ളണ്ടിന് വേണ്ടി ജേക്കബ് ബെത്തലെന്ന 22-കാരന്റെയും ടീമിന്റെയും ധീരമായ പോരാട്ടം പാഴായി. മുംബൈയിലെ കടൽക്കാറ്റിനൊപ്പം വീശിയടിച്ച ഇംഗ്ലീഷ് റണ്ണൊഴുക്കിനെ മറികടന്ന് ലോകചാമ്പ്യന്മാർ ടി20 ലോകകപ്പ് ഫൈനലിൽ. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ന്യൂസീലൻഡാണ് ഇന്ത്യയുടെ എതിരാളികൾ.ഇന്ത്യ ഉയർത്തിയ 254 റൺസെന്ന കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇംഗ്ലണ്ടിന് ഏഴു വിക്കറ്റ് നഷ്ടത്തിൽ 246 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഏഴു റൺസ് ജയത്തോടെ ഇന്ത്യയ്ക്ക് ഫൈനലിനുള്ള ടിക്കറ്റ്.

കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇംഗ്ലണ്ടിന് രണ്ടാം ഓവറിൽ തന്നെ ഓപ്പണർ ഫിൽ സാൾട്ടിനെ (5) നഷ്ടമായിരുന്നു. ഇതിനിടെ ജോസ് ബട്ട്‌ലർക്ക് മികച്ച തുടക്കം ലഭിക്കുകയും ചെയ്തു. എന്നാൽ പിന്നാലെ ക്യാപ്റ്റൻ ഹാരി ബ്രൂക്കിനെ (7) വീഴ്ത്തി ജസ്പ്രീത് ബുംറ ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചു. ബുംറയുടെ പന്തിൽ അക്ഷർ പട്ടേൽ മീറ്ററുകളോളം പിന്നിലേക്ക് ഓടിയെടുത്ത മികച്ചൊരു ക്യാച്ചിലാണ് ബ്രൂക്ക് പുറത്തായത്. വൈകാതെ 17 പന്തിൽ നിന്ന് 25 റൺസെടുത്ത ജോസ് ബട്ട്‌ലറെ വരുൺ ചക്രവർത്തിയും പുറത്താക്കി. എന്നാൽ നാലാമനായി ബെത്തൽ എത്തിയതോടെ കളിമാറി. വരുൺ ചക്രവർത്തിയേയും അക്ഷർ പട്ടേലിനെയും കടന്നാക്രമിച്ച ബെത്തൽ വെറും 19 പന്തിൽ നിന്ന് 50 തികച്ചു. ഇതിനിടെ അഞ്ചു പന്തിൽ നിന്ന് 17 റൺസെടുത്ത ടോം ബാന്റണെ അക്ഷർ പട്ടേൽ പുറത്താക്കി. എന്നാൽ അഞ്ചാം വിക്കറ്റിൽ ബെത്തലും വിൽ ജാക്ക്‌സും ഒന്നിച്ചതോടെ ഇന്ത്യ വിറച്ചു. 39 പന്തിൽ നിന്ന് 77 റൺസെടുത്ത ഈ സഖ്യം അപകടം വിതയ്ക്കവെ അക്ഷറിന്റെ ഫീൽഡിങ് മികവ് ഇന്ത്യയുടെ രക്ഷയ്‌ക്കെത്തി. 14-ാം ഓവറിൽ അർഷ്ദീപിന്റെ പന്തിൽ അക്ഷറും ശിവം ദുബെയും ചേർന്നെടുത്ത ക്യാച്ചിൽ ജാക്ക്‌സ് പുറത്ത്.

നേരത്തേ നിർണായകമായ ടോസ് വിജയിച്ച ഇംഗ്ലണ്ട് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.സഞ്ജു സാംസൺ ഇന്ത്യൻ ഇന്നിങ്‌സിന്റെ നെടുംതൂണായപ്പോൾ ഇംഗ്ലണ്ടിനെതിരേ ഇന്ത്യയ്ക്ക് മികച്ച സ്‌കോർ. 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 253 റൺസെടുത്തു. സഞ്ജു സാംസൺ, ശിവം ദുബെ, ഇഷാൻ കിഷൻ എന്നിവരുടെ ഇന്നിങ്‌സുകളാണ് ഇന്ത്യയെ കൂറ്റൻ സ്‌കോറിലെത്തിച്ചത്.തുടർച്ചയായ രണ്ടാം മത്സരത്തിലും അർധ സെഞ്ചുറി പിന്നിട്ട സഞ്ജുവിന്റെ തകർപ്പൻ പ്രകടനമായിരുന്നു ഇന്ത്യൻ ഇന്നിങ്‌സിന്റെ പ്രത്യേകത. 42 പന്തുകൾ നേരിട്ട സഞ്ജു ഏഴ് സിക്‌സും എട്ട് ഫോറുമടക്കം 89 റൺസെടുത്താണ് മടങ്ങിയത്. സഞ്ജു പുറത്താകുമ്പോഴേക്കും ഇന്ത്യൻ സ്‌കോർ 160-ൽ എത്തിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories