അബുദാബി: ഐപിഎൽ മിനി ലേലത്തിൽ ഇന്ത്യയുടെ യുവ ആഭ്യന്തര താരങ്ങൾയ്ക്കായി കോടികൾ വാരിയെറിഞ്ഞ് ഫ്രാഞ്ചൈസികൾ. ‘അൺക്യാപ്ഡ്’ വിഭാഗത്തിൽ 30 കോടി അടിസ്ഥാന വിലയുള്ള ആറു ആഭ്യന്തര താരങ്ങളെയാണ് കോടികൾ നൽകി ഫ്രാഞ്ചൈസികൾ റാഞ്ചിയത്. യുപി താരമായ ഓൾറൗണ്ടർ പ്രശാന്ത് വീറിനും രാജസ്ഥാൻ താരമായ വിക്കറ്റ് കീപ്പർ കാർത്തിക് ശർമയെയും 14.20 കോടി വീതം രൂപയ്ക്ക് ചെന്നൈ സൂപ്പർ കിങ്സ് ടീമിലെത്തിച്ചു. ജമ്മു കശ്മീർ താരമായ ഓൾറൗണ്ടർ അഖിബ് ദറിനെ 8.40 കോടിക്ക് ഡൽഹിയും സ്വന്തമാക്കി. മൂന്നു കോടി രൂപയ്ക്ക് കൊൽക്കത്ത സ്വന്തമാക്കിയ വിക്കറ്റ് കീപ്പർ തേജസ്വി സിങ്, 2.6 കോടിക്ക് ലക്നൗ സ്വന്തമാക്കിയ വിക്കറ്റ് കീപ്പർ മുകുൾ ചൗധരി, ഒരു കോടിക്ക് ലക്നൗ സ്വന്തമാക്കിയ പേസർ നമൻ തിവാരി എന്നിവരാണ് കോടി ക്ലബിൽ കയറിയ മറ്റു താരങ്ങൾ.
ഓൾറൗണ്ടറായ പ്രശാന്ത് വീറിനു വേണ്ടി ചെന്നൈ സൂപ്പർ കിങ്സ് തുടക്കം മുതൽ വാശിയേറിയ വിളിയാണ് നടത്തിയത്. രവീന്ദ്ര ജഡേജ പോയ ഒഴിവിലേക്കാണ് ചെന്നൈ ഓൾറൗണ്ടറെ തേടിയത്. ആദ്യം ലക്നൗ, മുംബൈ ടീമുകൾ പ്രശാന്തിനു വേണ്ടി എത്തിയെങ്കിലും പിന്നീട് രാജസ്ഥാൻ പിടിമുറുക്കി, അവസാനം ഹൈദരാബാദും കളത്തിലിറങ്ങിയെങ്കിലും ഐപിഎൽ ചരിത്രത്തിൽ ഒരു അൺക്യാപ്ഡ് താരത്തിന് മുടക്കുന്ന ഏറ്റവും വലിയ തുകയായ 14.20 കോടിക്ക് താരത്തെ ചെന്നൈ സ്വന്തമാക്കുകയായിരുന്നു. ആഭ്യന്തര ക്രിക്കറ്റിൽ ഉത്തർപ്രദേശിനു വേണ്ടിയാണ് 20 വയസ്സുകാരനായ പ്രശാന്ത് വീർ കളിക്കുന്നത്.രാജസ്ഥാനിൽനിന്നുള്ള വിക്കറ്റ് കീപ്പർ ബാറ്ററായ കാർത്തിക് ശർമയ്ക്കു വേണ്ടിയും വാശിയേറിയ വിളിയാണ് നടന്നത്. തുടക്കത്തിൽ കൊൽക്കത്ത, ലക്നൗ ടീമുകളാണ് കാർത്തിക്കിനു വേണ്ടി രംഗത്തുണ്ടായിരുന്നത്. പിന്നീട് ചെന്നൈയും കളത്തിലിറങ്ങുകയായിരുന്നു. ഇതിനു പിന്നാലെ ഹൈദരാബാദും താരത്തിനു വേണ്ടി ശ്രമം തുടങ്ങി. ഒടുവിൽ 14.20 കോടിക്കു 19 വയസ്സുകാരൻ കാർത്തിക്കിനെയും ചെന്നൈ ടീമിലെത്തിച്ചു. അങ്ങനെ രണ്ട് അൺക്യാപ്ഡ് താരങ്ങൾക്കായി ആകെ 28.40 കോടി രൂപയാണ് ചെന്നൈ ഇന്നു മുടക്കിയത്.
രാജസ്ഥാൻ പ്രിമിയർ ലീഗിൽ ഉൾപ്പെടെ തിളങ്ങിയിട്ടുള്ള കാർത്തിക്, രഞ്ജി ട്രോഫി, മുഷ്താഖ് അലി ട്രോഫി ടൂർണമെന്റുകളിലും മികച്ച പ്രകടനം കാഴ്ചവച്ചു.ആഭ്യന്തര ക്രിക്കറ്റിൽ ജമ്മു കശ്മീർ താരമായ 29 വയസ്സുകാരൻ അഖിബ് ദർ ബോളിങ് ഓൾറൗണ്ടറാണ്. മുഷ്താഖലി ട്രോഫിയിൽ ഏഴു മത്സരങ്ങളിൽനിന്ന് 15 വിക്കറ്റ് നേടിയിരുന്നു. താരത്തിനു വേണ്ടി സൺറൈസേഴ്സ് ഹൈദരാബാദും ഡൽഹി ക്യാപിറ്റൽസും വാശിയേറിയ പോരാട്ടമാണ് നടത്തിയത്. ഒടുവിൽ 8.40 കോടിക്ക് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കി.
അതേ സമയം അടിസ്ഥാന വിലയായ 30ലക്ഷം രൂപയ്ക്ക് മലയാളി താരം വിഘ്നേഷ് പുത്തുർ രാജസ്ഥാനിൽ എത്തി.
അതേ സമയം ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിലയേറിയ വിദേശതാരമായി ഓസീസ് ഓൾറൗണ്ടർ കാമറൂൺ ഗ്രീൻ. ഐപിഎൽ 19–ാം സീസണു മുന്നോടിയായി അബുദാബിയിൽ നടക്കുന്ന മിനി താരലേലത്തിൽ 25.20 കോടി രൂപയ്ക്കാണ് ഗ്രീനിനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിലെത്തിച്ചത്.