Share this Article
News Malayalam 24x7
അമേരിക്കയിൽ മിശിഹായുടെ അരങ്ങേറ്റം ശനിയാഴ്ച
LIONEL MESSI IS COMING TO THE USA

കാല്‍പന്ത് കളിയിലെ മിശിഹ ലയണല്‍ മെസിയുടെ അമേരിക്കയിലെ അരങ്ങേറ്റ മത്സരം ശനിയാഴ്ച .ലീഗ്‌സ് കപ്പില്‍ മെക്‌സിക്കന്‍ ക്ലബ്ബ് ക്രൂസ് അസൂളിനെതിരെയാണ് ഇന്‍ര്‍മയാമിക്ലബ്ബിനായി മെസി അരങ്ങേറുക.ഇന്ത്യന്‍സമയം ശനിയാഴ്ച പുലര്‍ച്ചെ 5.30ന് മയാമിയുടെ ഹോംഗ്രൗണ്ടിലാണ് മത്സരം. 

അമേരിക്കന്‍ ഫുട്‌ബോള്‍ ലീഗായ എം എല്‍ എസില്‍ കിതപ്പിലാണ് സാക്ഷാല്‍ ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ഇന്റര്‍മയാമി ക്ലബ്ബ് .കഴിഞ്ഞ മെയ്മാസം മുതല്‍ എംഎല്‍എസില്‍ ക്ലബ്ബിന് കാര്യമായ വിജയങ്ങളൊന്നുമില്ല. ഈസ്‌റ്റേണ്‍ കോണ്‍ഫറന്‍സ് പോയിന്റ് പട്ടികയില്‍ ഏറ്റവും പിന്നിലാണ് ദി ഹെറോണ്‍സ് എന്ന് വിളിപ്പേരുള്ള മയാമി. 

മിശിഹ മയാമിയുടെ പത്താംനമ്പര്‍ ജഴ്‌സിയില്‍ ആരാധകര്‍ക്ക് മുന്നില്‍ അവതരിച്ചതോടെ ആവേശത്തിന്റെ പരകോടിയിലാണ് ക്ലബ്ബ്. ലയണല്‍ മെസിയുടെ അമേരിക്കയിലെ ആദ്യ മത്സരം ലീഗ്‌സ് കപ്പില്‍ നടക്കും. മയാമിയുടെ പിങ്ക് ജഴ്‌സിയില്‍ മെസി ഇറങ്ങുമ്പോള്‍ എതിരാളിയായി എത്തുക മെക്‌സിക്കന്‍ ക്ലബ്ബായ ക്രൂസ് അസൂളാണ്. 26ന് അത്‌ലാന്റയെ ഇന്റര്‍മയാമി നേരിടും. ബാഴ്‌സയിലെ സഹടീമംഗങ്ങളായിരുന്ന ജോര്‍ഡി ആല്‍ബയും സെര്‍ജിയോ ബുസ്‌ക്വിറ്റ്‌സും മെസിക്കൊപ്പം മയാമിയിലുണ്ട്. 


അര്‍ജന്റീനിയന്‍ പരിശീലകനായ ജെറാര്‍ഡോ മാര്‍ട്ടിനോയാണ് മയാമിക്ക് വേണ്ടി തന്ത്രങ്ങള്‍ മെനയുക.മയാമിയുടെ ഹോംഗ്രൗണ്ടായ ഫ്‌ളോറിഡയിലെ ഫോര്‍ട്ട് ലോഡര്‍ഡേയ്‌ലിലുള്ള ഡിആര്‍വി പി എന്‍കെ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍സമയം ശനിയാഴ്ച പുലര്‍ച്ചെ 5.30നാണ് കാല്‍പന്ത് കളി ലോകം ഉറ്റുനോക്കുന്ന മിശിഹയുടെ മത്സരം.ജനപ്രിയ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ആപ്പിള്‍ ടിവിയിലൂടെ മെസിയുടെ മത്സരം ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആസ്വദിക്കാം.ലോകകപ്പില്‍ അര്‍ജന്റീനയുടെ തലവര മാറ്റിയ ലയണല്‍ മെസി അമേരിക്കന്‍ ലീഗില്‍ ഇന്റര്‍മയാമിയുടെ തലവര മാറ്റിയെഴുതുമെന്ന പ്രതീക്ഷയിലാണ് കാല്‍പന്ത് കളി പ്രേമികള്‍.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories