Share this Article
image
ഐപിഎല്‍ ഫൈനലില്‍ ചെന്നൈയുടെ എതിരാളി ആരെന്ന് ഇന്നറിയാം, രണ്ടാം ക്വാളിഫയറില്‍ഗുജറാത്ത്-മുംബൈയുമായി ഏറ്റുമുട്ടും
വെബ് ടീം
posted on 26-05-2023
1 min read
MI take on GT in quest for final

അഹമ്മദാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് ഫൈനലിൽ ചെന്നൈ സൂപ്പർ കിംഗ്സിന്‍റെ എതിരാളികളെ ഇന്നറിയാം. ഇന്ന് നടക്കുന്ന രണ്ടാം ക്വാളിഫയറിൽ ഹാര്‍ദ്ദിക് പാണ്ഡ്യ നയിക്കുന്ന ഗുജറാത്ത് ടൈറ്റൻസ് രോഹിത് ശര്‍മയുടെ നേതൃത്വത്തിലിറങ്ങുന്ന മുംബൈ ഇന്ത്യൻസിനെ നേരിടും. അഹമ്മദാബാദിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക.

നിലവിലെ ചാമ്പ്യൻമാരായ ഗുജറാത്ത് ടൈറ്റൻസ് സീസണിൽ ആദ്യമായി സമ്മ‍ർദത്തോടെ ഇറങ്ങുന്നുവെന്ന പ്രത്യേകതയുണ്ട് ഇന്നത്തെ പോരാട്ടത്തിന്. ലീഗ് ഘട്ടത്തിലെ ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത് ആദ്യ ക്വാളിഫയറിൽ ചെന്നൈ സൂപ്പർ കിംഗ്സിനോട് തോറ്റതോടെയാണ് രണ്ടാം ഊഴത്തിന് ഇറങ്ങേണ്ടിവന്നത്. എങ്കിലും സ്വന്തം കാണികൾക്ക് മുന്നിൽ കളിക്കുന്നതിന്‍റെ ആനുകൂല്യം ഇന്ന് ഹാർദിക്കിന്‍റെ ഗുജറാത്തിന് കരുത്താകും.ആത്മവിശ്വാസത്തോടെയാണ് മുംബൈ ഇന്ത്യൻസ് നിര്‍ണായക പോരാട്ടത്തിന് ഇറങ്ങുന്നത്. എലിമിനേറ്ററിൽ ലഖ്നൗവിനെ തകർത്ത് അവര്‍ കരുത്ത് കാട്ടി. രോഹിത് ശർമ്മ, ഇഷാൻ കിഷൻ, കാമറൂൺ ഗ്രീൻ, സൂര്യകുമാർ യാദവ്, തിലക് വർമ്മവരടങ്ങുന്ന ബാറ്റിംഗ് നിരയിൽ മൂന്നുപേരെങ്കിലും ക്രീസിലുറച്ചാൽ മുംബൈയുടെ സ്കോർ ബോർഡ് സുരക്ഷിതമാവും. മറുവശത്ത് ഉഗ്രൻ ഫോമിലുള്ള ശുഭ്മാൻ ഗില്ലിന്‍റെ ബാറ്റിലേക്കാണ് ഗുജറാത്ത് ഉറ്റുനോക്കുന്നത്. വൃദ്ധിമാൻ സാഹയും വിജയ് ശങ്കറും ഡേവിഡ് മില്ലറും ഹാർദിക്കും അതിവേഗം റൺനേടാൻ ശേഷിയുള്ളവരാണ്.

റാഷിദ് ഖാനും മുഹമ്മദ് ഷമിയും നയിക്കുന്ന ഗുജറാത്ത് ബൗളിംഗ് നിര മുംബൈയ്ക്ക് കടുത്ത വെല്ലുവിളിയാവുമെന്നുറപ്പ്. ആകാശ് മധ്‍വാളിന്‍റെ അപ്രതീക്ഷിത വിക്കറ്റ് കൊയ്ത്ത് നൽകുന്ന ആശ്വാസത്തിലാണ് മുംബൈ. സീസണിലെ ബലാബലത്തിൽ മുബൈയും ഗുജറാത്തും ഒപ്പത്തിനൊപ്പം. ഗുജറാത്ത് ആദ്യ കളിയിൽ 55 റൺസിന് ജയിച്ചു. രണ്ടാം മത്സരത്തിൽ മുംബൈ പകരം വീട്ടിയത് 27 റൺസ് ജയത്തോടെ.ബാറ്റർമാരെ തുണയ്ക്കുന്ന പിച്ചിലായിരിക്കും ഇന്നത്തെ മത്സരം. മഞ്ഞുവീഴ്ച കാര്യമായി ഇല്ലാത്തതിനാൽ ടോസ് നി‍ർണായകമാവില്ലെന്നാണ് കരുതുന്നത്. സീസണില്‍ ഇതിന് മുമ്പ് ഇതേ വേദിയില്‍ ഏറ്റുമുട്ടിയപ്പോള്‍ ജയം ഗുജറാത്തിനായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 207 റണ്‍സടിച്ചപ്പോള്‍ മുംബൈയുടെ മറുപടി 152ല്‍ ഒതുങ്ങി


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories