ചെന്നൈ: ഐ.പി.എൽ താരകൈമാറ്റം പൂർത്തിയായതായി റിപ്പോർട്ട്. മലയാളി താരം സഞ്ജു സാംസണെ കൈമാറുന്നതുമായി ബന്ധപ്പെട്ട കരാറിൽ ചെന്നൈ സൂപ്പർ കിങ്സും രാജസ്ഥാൻ റോയൽസും ധാരണയിലെത്തി. സഞ്ജുവിന് പകരം ഓൾറൗണ്ടർമാരായ രവീന്ദ്ര ജഡേജയേയും സാം കറനെയും ചെന്നൈ രാജസ്ഥാന് വിട്ടുനൽകും.
വിദേശതാരങ്ങളുടെ ക്വാട്ടയിൽ ഇടം കണ്ടെത്താനായി മഹീഷ് തീക്ഷണയെ റോയൽസ് റിലീസ് ചെയ്യുമെന്നും ക്രിക്ബസിന്‍റെ റിപ്പോർട്ടിൽ പറയുന്നു. വെള്ളിയാഴ്ചയാണ് ടീമുകൾ നിലനിർത്തുന്ന താരങ്ങളുടെ അന്തിമ പട്ടിക ഐ.പി.എൽ ഗവേണിങ് കൗൺസിലിന് കൈമാറേണ്ടത്.രാജസ്ഥാന്‍റെയും ചെന്നൈയുടെയും ട്രേഡ് ഡീലിന് ഇനി ബി.സി.സി.ഐയുടെ അനുമതി മാത്രമേ കിട്ടാനുള്ളൂ.
ടീമുകളുടെ റീടെൻഷൻ ലിസ്റ്റ് തയാറാക്കാനിരിക്കെ സി.എസ്.കെ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദ്, പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ്, എം.എസ്. ധോണി എന്നിവരുൾപ്പെടെ വെള്ളിയാഴ്ച ചെന്നൈയിൽ യോഗം ചേരും. കഴിഞ്ഞ രണ്ട് സീസണുകളിലെ മോശം പ്രകടനത്തിന്‍റെ പശ്ചാത്തലത്തിലാണ് സി.എസ്.കെ വമ്പൻ മാറ്റങ്ങൾക്കൊരുങ്ങുന്നത്. ബാറ്റിങ് നിര തുടർച്ചയായി പരാജയപ്പെട്ടത് കഴിഞ്ഞ സീസണിൽ ടീമിന് വലിയ ക്ഷഈണമായിരുന്നു. സഞ്ജു ടീമിലെത്തുന്നതോടെ വലിയ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഫ്രാഞ്ചൈസി.