ഇന്ത്യന്‍ പൗരത്വം നേടിയ ഓസ്‌ട്രേലിയന്‍ താരം റയാന്‍ വില്ല്യംസിന് ഇനി നീലക്കുപ്പായത്തില്‍ കളിക്കാം. ഓസ്‌ട്രേലിയന്‍ ഫെഡറേഷന്‍ നല്‍കിയ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് ഫിഫ അംഗീകരിച്ചു. അതോടെ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിനായി ഇനിയുള്ള മത്സരങ്ങളില്‍ റയാന് ബൂട്ടണിയാം. കഴിഞ്ഞ ദിവസമാണ് രാജ്യാന്തര ഫുട്‌ബോള്‍ ഫെഡറേഷന്‍ ഇക്കാര്യം സ്ഥിരീകരിച്ചു. ഇന്ത്യന്‍ ടീമിനെ പ്രതിനിധീകരിച്ച് താരത്തിന് കളിക്കാമെന്ന് എഐഎഫ്എഫ് അറിയിച്ചു. 32-കാരനായ താരം നേരത്തേ ഐഎസ്എല്ലില്‍ ബെംഗളൂരു എഫ്‌സിക്കായി കളിച്ചിട്ടുണ്ട്. അടുത്തിടെ ഓസ്‌ട്രേലിയന്‍ പൗരത്വം ഉപേക്ഷിച്ച് ഇന്ത്യന്‍ പൗരത്വം സ്വീകരിക്കുകയായിരുന്നു. അതേസമയം കഴിഞ്ഞമത്സരത്തിൽ റയാൻ വില്യംസിന് കളിക്കാൻ സാധിച്ചിരുന്നില്ല. ഏഷ്യാകപ്പ് യോഗ്യതാ റൗണ്ടില്‍ ബംഗ്ലാദേശിനെതിരേയാണ് താരം പുറത്തിരുന്നത്. ഓസ്‌ട്രേലിയൻ ഫെഡറേഷൻ നൽകിയ വിടുതൽ സർട്ടിഫിക്കറ്റ് ഫിഫയും ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷനും അംഗീകരിച്ചാൽ മാത്രമേ റയാന് ഇന്ത്യക്കായി അരങ്ങേറാൻ സാധിക്കുമായിരുന്നുള്ളൂ. ഫിഫ അംഗീകാരം ലഭിക്കാത്തതാണ് തിരിച്ചടിയായത്. മത്സരത്തിൽ ഇന്ത്യ തോൽക്കുകയും ചെയ്തു. ഭൂട്ടാനെതിരായ പരിശീലനമത്സരത്തിൽ റയാൻ കളിക്കുകയും ഇരട്ടഗോൾ നേടുകയും ചെയ്തിരുന്നു.