Share this Article
News Malayalam 24x7
അജിനാസിന്റെ ഹാട്രിക്, സഞ്ജുവിന്റെ വെടിക്കെട്ട്; തൃശൂരിനായി അഹമ്മദ് ഇമ്രാന്റെ മറുപടി,അഞ്ച് വിക്കറ്റ് ജയവുമായി ടൈറ്റൻസ്
വെബ് ടീം
2 hours 16 Minutes Ago
1 min read
KCL

തിരുവനന്തപുരം: അവസാന പന്ത് വരെ നീണ്ടു നിന്ന കേരള ക്രിക്കറ്റ് ലീഗിലെ ആവേശപ്പോരില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെ കീഴടക്കി തൃശ്ശൂര്‍ ടൈറ്റന്‍സ്. അഞ്ച് വിക്കറ്റിനാണ് തൃശ്ശൂരിന്റെ ജയം. കൊച്ചി ഉയര്‍ത്തിയ 189 റണ്‍സ് വിജയലക്ഷ്യം അവസാനപന്തില്‍ അഞ്ച് വിക്കറ്റ് ശേഷിക്കേ തൃശ്ശൂര്‍ മറികടന്നു. അഹമ്മദ് ഇമ്രാന്‍ അര്‍ധസെഞ്ചുറിയോടെ തിളങ്ങി. സീസണിലെ കൊച്ചിയുടെ ആദ്യ തോല്‍വിയാണിത്.കൊച്ചി ഉയര്‍ത്തിയ 189 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ തൃശ്ശൂരിന് ഓപ്പണര്‍ അഹമ്മദ് ഇമ്രാന്റെ പ്രകടനമാണ് കരുത്തായത്. ആനന്ദ് കൃഷ്ണന്‍(7), ഷോണ്‍ റോജര്‍(8), വിഷ്ണു മേനോന്‍(3) എന്നിവര്‍ നിരാശപ്പെടുത്തി. വിക്കറ്റുകള്‍ നഷ്ടപ്പെടുമ്പോഴും ഒരുവശത്ത് ക്രീസില്‍ നിലയുറപ്പിച്ച് ബാറ്റേന്തിയ ഇമ്രാന്‍ ടീമിന് ജയപ്രതീക്ഷ സമ്മാനിച്ചു. അക്ഷയ് മനോഹര്‍ 20 റണ്‍സെടുത്ത് ഇമ്രാന് പിന്തുണ നല്‍കി. എന്നാല്‍ അര്‍ധസെഞ്ചുറി നേടിയ ഇമ്രാന്‍ പുറത്തായതോടെ തൃശ്ശൂര്‍ പ്രതിരോധത്തിലായി. 40 പന്തില്‍ ഏഴ് ഫോറുകളും നാല് സികസ്‌റുകളുടെയും അകമ്പടിയോടെ 72 റണ്‍സെടുത്താണ് ഇമ്രാന്‍ മടങ്ങിയത്.പിന്നാലെ സിജോമോന്‍ ജോസഫും അര്‍ജുന്‍ എ.കെ.യുമാണ് ടീമിനെ മുന്നോട്ടുനയിച്ചത്. ആറാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തിയതോടെ ടീമിന് ജയപ്രതീക്ഷ കൈവന്നു. 17-ാം ഓവറില്‍ മുഹമ്മദ് ആഷിഖിനെ അര്‍ജുന്‍ തുടര്‍ച്ചയായി രണ്ട് തവണ അതിര്‍ത്തികടത്തി. അവസാനഓവറില്‍ 15 റണ്‍സാണ് തൃശ്ശൂരിന് വേണ്ടിയിരുന്നത്. അവസാനപന്തില്‍ ഫോറടിച്ച് സിജോമോന്‍ ടീമിനെ ജയത്തിലെത്തിച്ചു. അര്‍ജുന്‍ 16 പന്തില്‍ 31 റണ്‍സും സിജോമോന്‍ 23 പന്തില്‍ 42 റണ്‍സുമെടുത്തു. ജെറിന്‍ കൊച്ചിക്കായി രണ്ട് വിക്കറ്റെടുത്തു.ആദ്യം ബാറ്റുചെയ്ത കൊച്ചി ബ്ലൂ ടൈ​ഗേഴ്സ് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 188 റൺസാണെടുത്തത്.

സഞ്ജു സാംസണിന്റെ വെടിക്കെട്ട് പ്രകടനമാണ് കൊച്ചിക്ക് മികച്ച സ്കോർ സമ്മാനിച്ചത്. സഞ്ജു 46 പന്തില്‍ നിന്ന് 89 റണ്‍സെടുത്തു. നാല് ഫോറുകളും ഒമ്പത് സിക്‌സറുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. മുഹമ്മദ് ഷാനു(24), ആല്‍ഫി ഫ്രാന്‍സിസ് (22), നിഖില്‍ തോട്ടത്ത്(18), സാലി സാംസണ്‍(16) എന്നിവരാണ് മറ്റുസ്‌കോറര്‍മാര്‍. അഞ്ച് വിക്കറ്റെടുത്ത അജിനാസ് കെ. സീസണിലെ ആദ്യ ഹാട്രിക്കും സ്വന്തമാക്കി.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories