അഹമ്മദാബാദ്: സഞ്ജുവും സംഘവും മോദി സ്റ്റേഡിയത്തിൽ ബാറ്റ് കൊണ്ട് പവർപ്ലേ ഉൾപ്പെടെ അഴിഞ്ഞാടിയപ്പോൾ കീവിസിനെതിരെ ഇന്ത്യയ്ക്ക് മികച്ച സ്കോർ. കലാശപ്പോരിൽ ന്യൂസീലൻഡിനെതിരെ ടോസ് നഷ്പ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 255 റൺസെടുത്തു. കിരീടത്തിനായി ന്യൂസീലൻഡിനു ലക്ഷ്യം 256. സെഞ്ചറിക്കരികെ വീണ്ടും വീണെങ്കിലും തുടർച്ചയായ മൂന്നാം മത്സരത്തിലും സഞ്ജു സാംസൺ (46 പന്തിൽ 89) ആണ് ഇന്ത്യയുടെ ടോപ് സ്കോറർ. ഇന്ത്യയ്ക്കായി ഇഷാൻ കിഷൻ (25 പന്തിൽ 54), അഭിഷേക് ശർമ (21 പന്തിൽ 52) എന്നിവരും അർധസെഞ്ചറി നേടി. അവസാന ഓവറുകളിൽ തകർത്തടിച്ച ശിവം ദുബെയാണ് (8 പന്തിൽ 26*) ഇന്ത്യൻ സ്കോർ 250 കടത്തിയത്.ഓപ്പണർമാർ ചേർന്ന മികച്ച തുടക്കമാണ് ഇന്ത്യയ്ക്കു നൽകിയത്. പവർപ്ലേ അവസാനിക്കുമ്പോൾ വിക്കറ്റ് നഷ്ടമാകാതെ 92 എന്ന നിലയിലായിരുന്നു ഇന്ത്യ. ട്വന്റി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന പവർപ്ലേ സ്കോറാണിത്. ഈ ലോകകപ്പിൽ ആദ്യമായാണ് ഇന്ത്യയ്ക്ക് പവർപ്ലേയിൽ വിക്കറ്റ് നഷ്ടമാകാതിരിക്കുന്നതും. 7.2 ഓവറിൽ ഇന്ത്യൻ സ്കോർ നൂറു കടന്നു. ട്വന്റി20 ലോകകപ്പ് നോക്കൗട്ടിലെ അതിവേഗ നൂറാണിത്.
ട്വന്റി20 ലോകകപ്പ് ഫൈനൽ ചരിത്രത്തിൽ ആദ്യമായാണ് ഓപ്പണിങ് കൂട്ടുകെട്ട് 50നു മുകളിൽ സ്കോർ നേടുന്നത്. 2009 ഫൈനലിൽ ശ്രീലങ്കയ്ക്കെതിരെ പാക്കിസ്ഥാൻ താരങ്ങളായ കമ്രാൻ അക്‌മലും ഷഹസൈബ് ഹസനും ചേർന്ന് നേടിയ 48 റൺസായിരുന്നു ഇതുവരെയുള്ള ഉയർന്ന് ഓപ്പണിങ് കൂട്ടുകെട്ട്. അഭിഷേക് ശർമ 18 പന്തിലാണ് അർധസെഞ്ചറി കുറിച്ചത്. ഒന്നാം വിക്കറ്റിൽ സഞ്ജുവും അഭിഷേകും ചേർന്ന് 98 റൺസ് കൂട്ടിചേർത്തു. ഓപ്പണർ അഭിഷേക് ശർമ (21 പന്തിൽ 52) ആണ് പുറത്തായത്. എട്ടാം ഓവറിൽ രചിൻ രവീന്ദ്രയാണ് അഭിഷേകിനെ കീപ്പർ ടിം സീഫെർട്ടിന്റെ കൈകളിൽ എത്തിച്ചത്.
മാറ്റ് ഹെന്ററി എറിഞ്ഞ ആദ്യ ഓവറിലെ അഞ്ചാം പന്തിൽ സിക്സറടിച്ച് സഞ്ജു സാംസണാണ് ഇന്ത്യയുടെ അക്കൗണ്ട് തുറന്നത്. ആദ്യ രണ്ട് ഓവറുകളിൽ താളം കണ്ടെത്താൻ വിഷമിച്ചെങ്കിലും പിന്നീട് ഇരു ഓപ്പണർമാരും കത്തിക്കയറി. മൂന്നാം ഓവറിൽ 15 റണ്ഡസ് നേടിയപ്പോൾ, ലോക്കി ഫെർഗൂൺ എറിഞ്ഞ നാലാ ഓവറിൽ 24 റൺസാണ് അഭിഷേകും സഞ്ജുവും ചേർന്ന് അടിച്ചുകൂട്ടിയത്. അഞ്ചാം ഓവറിൽ 21 റൺസും ആറാം ഓവറിൽ 20 റൺസും പിറന്നു.33 പന്തിൽ മൂന്നു സിക്സറുടകളുടെയും നാലു ഫോറുകളുടെയും അകമ്പടിയോടെയാണ് സഞ്ജു അർധസെഞ്ചറി തികച്ചത്. ലോകകപ്പിൽ സഞ്ജുവിന്റെ തുടർച്ചയായ മൂന്നാം അർധസെഞ്ചറിയാണിത്. എന്നാൽ ഇത്തവണയും സെഞ്ചറിയെന്ന മോഹം 11 റൺസകലെ നഷ്ടമായി. രണ്ടാം വിക്കറ്റിൽ സഞ്ജുവും ഇഷാനും ചേർന്ന് 105 റൺസ്് കൂട്ടിച്ചേർത്തു. സഞ്ജുവിനു തൊട്ടുപിന്നാലെ ഇഷാൻ പുറത്തായപ്പോൾ ഗോൾഡൻ ഡക്കായി ക്യാപ്റ്റൻ സൂര്യകുമാർ യാദവും പുറത്തായി.ടോസ് നേടിയ ന്യൂസീലൻഡ് ക്യാപ്റ്റൻ മിച്ചൽ സാന്റ്നർ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു.