തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഫോളോ ഓൺ ചെയ്ത് കേരളം. കർണാടകയ്ക്ക് 348 റൺസിന്റെ കൂറ്റൻ ലീഡ്. കേരളം ആദ്യ ഇന്നിങ്സിൽ 238 റൺസിന് ഓൾ ഔട്ടായി. തുടർന്ന് ഫോളോ ഓൺ ചെയ്ത കേരളം മൂന്നാം ദിവസം കളി നിർത്തുമ്പോൾ വിക്കറ്റ് പോകാതെ 10 റൺസെന്ന നിലയിലാണ്.
ഓപ്പണർമാരായ കൃഷ്ണപ്രസാദും (2*), എം.ഡി.നിധീഷും (4*) ആണ് ക്രീസിൽ.മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 21 റൺസെന്ന നിലയിലാണ് മൂന്നാം ദിനം മത്സരം പുനഃരാരംഭിച്ച കേരളത്തിന് മൂന്നാം ഓവറിൽ തന്നെ 11 റൺസെടുത്ത അക്ഷയ് ചന്ദ്രന്റെ വിക്കറ്റ് നഷ്ടമായി. വിദ്വത് കവേരപ്പയുടെ പന്തിൽ അക്ഷയ് ക്ലീൻ ബൗൾഡാവുകയായിരുന്നു. തൊട്ടുപിറകെ ബേസിൽ റിട്ടയേഡ് ഹർട് ആയി മടങ്ങി. തുടർന്നെത്തിയ സച്ചിൻ ബേബിയും ബാബ അപരാജിത്തും ചേർന്ന കൂട്ടുകെട്ട് കേരളത്തിന് പ്രതീക്ഷ നൽകി. 85 റൺസാണ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്. എന്നാൽ സ്കോർ 114ൽ നിൽക്കെ സച്ചിൻ ബേബി മടങ്ങിയത് കേരളത്തിന് തിരിച്ചടിയായി.