ബർമിങ്ങാം: എഡ്ജ്ബാസ്റ്റൻ ടെസ്റ്റിൽ ഇന്ത്യക്ക് മികച്ച ഒന്നാം ഇന്നിങ്സ് സ്കോർ. രണ്ടാം ദിവസം ആദ്യ സെഷൻ പൂർത്തിയാകുമ്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 419 റൺസ് എന്ന നിലയിലായിരുന്നു സന്ദർശകർക്കു വേണ്ടി രണ്ടാം സെഷനിൽ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ ഇരട്ട സെഞ്ചുറി പൂർത്തിയാക്കി. 147 റൺസെന്ന കരിയർ ബെസ്റ്റ് ടെസ്റ്റ് സ്കോർ മറികടന്ന ഗിൽ ആദ്യമായാണ് 150+ സ്കോർ ടെസ്റ്റിൽ സ്വന്തമാക്കുന്നത്. ഏകദിന ക്രിക്കറ്റിൽ നേരത്തെ ഡബിൾ സെഞ്ചുറി നേടിയിട്ടുണ്ട്.രണ്ടാം ദിവസം രാവിലെ 114 റൺസിലാണ് ഗിൽ ബാറ്റിങ് പുനരാരംഭിച്ചത്, ജഡേജ 41 റൺസിലും. കരുതലോടെ കളിച്ച ഇരുവരും ചേർന്ന് ആദ്യ ഇന്നിങ്സ് വിക്കറ്റ് നഷ്ടമില്ലാതെ പൂർത്തിയാക്കുമെന്നു തോന്നിച്ചിടത്തു വച്ചാണ് ജഡേജയെ നഷ്ടമായത്. രണ്ടാം സെഷനിൽ ബാറ്റിങ്ങിനു വേഗം കൂട്ടിയ ഗിൽ 311 പന്തിൽ 200 തികച്ചു.ക്യാപ്റ്റനൊപ്പം ഉറച്ചു നിന്ന രവീന്ദ്ര ജഡേജ ടെസ്റ്റ് കരിയറിലെ 23ാം ടെസ്റ്റ് ഹാഫ് സെഞ്ചുറിയുമായാണ് കളം വിട്ടത്. വെറും 11 റൺസ് അകലത്തിലാണ് ജഡേജയ്ക്ക് അഞ്ചാം ടെസ്റ്റ് സെഞ്ചുറി വഴുതിപ്പോയത്. ഗില്ലും ജഡേജയും ചേർന്ന ആറാം വിക്കറ്റ് കൂട്ടുകെട്ടിൽ 203 റൺസ് പിറന്നു. ജോഷ് ടങ്ങിന്‍റെ ബൗൺസറിൽ വിക്കറ്റ് കീപ്പർ ജാമി സ്മിത്തിനു ക്യാച്ച് നൽകുകയായിരുന്നു ജഡേജ.