ക്രിക്കറ്റിൽ രണ്ടാമത് ബാറ്റിങ്ങിനിറങ്ങിയ ടീം വെറും രണ്ട് റണ്‍സിന് ഓള്‍ഔട്ടാവുക! ആ രണ്ട് റണ്‍സില്‍ ഒന്ന് സിംഗിള്‍, മറ്റേത് വൈഡ്! കുട്ടികൾ ഉൾപ്പെടെ ക്രിക്കറ്റ് പയറ്റുന്ന കണ്ടംകളിയില്‍ പോലും ഇത് സംഭവിക്കുകയില്ലെന്ന് പറയാന്‍ വരട്ടെ. ക്രിക്കറ്റിന്‍റെ ഈറ്റില്ലമായ ഇംഗ്ലണ്ടിലെ റിച്ച്മോണ്ട് ക്രിക്കറ്റ് ക്ലബാണ് ഈ നാണംകെട്ട റെക്കോര്‍ഡിനുടമകള്‍. ശനിയാഴ്ച മിഡില്‍സെക്സ് കൗണ്ടി ലീഗ് മാച്ചിനിടയിലായിരുന്നു അത്യപൂര്‍വമായ ഈ പുറത്താവല്‍. നോര്‍ത്ത് ലണ്ടന്‍ ക്രിക്കറ്റ് ക്ലബ് കുറിച്ച 427 റണ്‍സ് എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയതാണ് റിച്ച്മോണ്ട്.
ടോസ് നേടിയ റിച്ച്മോണ്ട് ടീം ഫീല്‍ഡിങ് തെരഞ്ഞെടുത്തു. നോര്‍ത്ത് ലണ്ടന്‍റെ ബാറ്റര്‍മാര്‍ തകര്‍ത്തടിച്ചു. 45 ഓവറില്‍ ഗ്രൗണ്ടിന് തലങ്ങും വിലങ്ങും അടിച്ചു പറത്തി, ആറു വിക്കറ്റ് നഷ്ടത്തില്‍ 426 റണ്‍സ്! പിന്നീടായിരുന്നു സംഭവബഹുലമായ പുറത്താവൽ. മറുപടി ബാറ്റിങിനിറങ്ങിയ റിച്ച്മോണ്ടിന്‍റെ ബാറ്റര്‍മാരെല്ലാവരും കൂടി നേരിട്ടത് 34 പന്തുകളാണ്. അതിലാകെ കിട്ടിയത് രണ്ട് റണ്‍സ്. വൈഡ് കൂടി ഇല്ലായിരുന്നുവെങ്കില്‍ സിംഗിളിലൊതുങ്ങിയേനെ. എട്ട് ഡക്ക്! കാണികളും എന്തിന് നോര്‍ത്ത് ലണ്ടന്‍ ടീം വരെ മൂക്കത്ത് വിരല്‍ വച്ചു.
തോറ്റമ്പിയെങ്കിലും ദുരന്തം കോമഡിയാക്കി ക്ലബ്, സോഷ്യല്‍ മീഡിയയിലും പോസ്റ്റിട്ടു. പരുക്കിനെ തുടര്‍ന്ന് റിച്ച്മോണ്ടിന്‍റെ ബാറ്റര്‍മാരില്‍ ഒരാള്‍ക്ക് കൈവിരലിനും മറ്റൊരു താരത്തിന് ഹാംസ്ട്രിങ് മസിലിനും പരുക്കേറ്റിരുന്നു. മൂന്നാമന്‍റെ തലയില്‍ പന്ത് അടിച്ച് കൊള്ളുകയും ചെയ്തു. സ്കോര്‍ കാര്‍ഡ് എന്തായാലും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ആദം ഗിൽ ക്രിസ്ററ് ഇവിടെ നിന്നാണ് ക്രിക്കറ്റ് ബാലപാഠങ്ങൾ കരസ്ഥമാക്കിയതെന്ന് അവകാശപ്പെട്ടിരുന്നു.