ന്യൂഡൽഹി: പത്മ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ കേരളത്തിന് അഭിമാനമായി ആലപ്പുഴ സ്വദേശിനി എംഎസ് ദേവകിയമ്മയ്ക്ക് പത്മശ്രീ.ഇത്തവണ പ്രഖ്യാപിച്ച പട്ടികയിലെ ആദ്യ 45 പേരിൽ ദേവകിയമ്മയും ഇടംപിടിച്ചു പരിസ്ഥിതി സംരക്ഷണ രംഗത്തെ സമാനതകളില്ലാത്ത സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം. റിപ്പബ്ലിക് ദിനത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു പുരസ്കാരം സമ്മാനിക്കും.
ആലപ്പുഴ ജില്ലയിലെ മുതുകുളം എന്ന ഗ്രാമത്തിൽ സ്വന്തമായി ഒരു വനം തന്നെ വച്ചുപിടിപ്പിച്ച ദേവകിയമ്മ, പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം ലോകത്തിന് കാട്ടിക്കൊടുത്ത വ്യക്തിത്വമാണ്.ഒരു വാഹനാപകടത്തെത്തുടർന്ന് വിശ്രമത്തിലായിരുന്ന കാലത്താണ് ദേവകിയമ്മ തന്റെ വീട്ടുപരിസരത്ത് ചെടികൾ നട്ടുപിടിപ്പിച്ചു തുടങ്ങിയത്. പിൽക്കാലത്ത് ഇത് ഏക്കറുകളോളം വ്യാപിച്ചു കിടക്കുന്ന വലിയ വനമായി മാറി. കൃഷി പാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ച ദേവകിയമ്മ, വനത്തിനുള്ളിലെ ജീവജാലങ്ങളുടെ സംരക്ഷണത്തിനും വലിയ പ്രാധാന്യം നൽകിപ്പോരുന്നു. അന്താരാഷ്ട്ര തലത്തിൽ പോലും ശ്രദ്ധിക്കപ്പെട്ട 'മുതുകുളം വനം' ഇന്ന് നിരവധി അപൂർവ സസ്യങ്ങളുടെയും പക്ഷികളുടെയും ആവാസകേന്ദ്രമാണ്.
പരിസ്ഥിതി സംരക്ഷണത്തിനുള്ള കേന്ദ്ര സർക്കാരിന്റെ 'വനമിത്ര'പുരസ്‌കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ദേവകിയമ്മയെ തേടിയെത്തിയിട്ടുണ്ട്.
അൺസങ് ഹീറോസ്' വിഭാഗത്തിൽ 45 പേർക്കാണ് പത്മശ്രീ പുരസ്കാരം ലഭിച്ചത്.കുറുമ്പ ഗോത്ര വിഭാഗത്തിൽ നിന്നുള്ള ചിത്രകാരൻ ആർ കൃഷ്ണന് (നീലഗിരി) മരണാനന്തര ബഹുമതിയായി പുരസ്കാരം ലഭിച്ചു. അങ്കെ ഗൗഡ (കർണാടക), അർമിഡ ഫെർണാണ്ടസ് (മഹാരാഷ്ട്ര), ഭഗ്‌വദാസ് റായ്‌ക്വാർ (മധ്യപ്രദേശ്), ബ്രിജ് ലാൽ ഭട്ട് (ജമ്മു കശ്മീർ), ബുദ്രി താതി (ഛത്തീസ്ഗഡ്), ചരൺ ഹെംബ്രം (ഒഡീഷ), ചിരഞ്ജി ലാൽ യാദവ് (ഉത്തർപ്രദേശ്), ധാർമിക് ലാൽ ചുനിലാൽ (ഗുജറാത്ത്) തുടങ്ങിയവർക്കും പത്മശ്രീ ലഭിച്ചു.അസാധാരണ സംഭാവനകൾ നൽകുന്ന സാധാരണ ഇന്ത്യക്കാരെ അംഗീകരിക്കുക എന്ന ഉദ്ദേശത്തിലാണ് 'അൺസങ് ഹീറോസ്' വിഭാഗത്തിൽ പത്മശ്രീ പുരസ്കാരങ്ങൾ നൽകിവരുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി അറിയപ്പെടാത്ത, വിവിധ തലങ്ങളിൽ വലിയ സംഭാവന നൽകിയ വ്യക്തികളെയാണ് അവാർഡിനായി പരിഗണിക്കുന്നത്.