Share this Article
News Malayalam 24x7
പാകിസ്താൻ കസ്റ്റഡിയിലെടുത്ത ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ സാഹസികമായി മോചിപ്പിച്ച് ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡ്
വെബ് ടീം
posted on 18-11-2024
1 min read
india rescues

ന്യൂഡല്‍ഹി: പാകിസ്താന്‍ കസ്റ്റഡിയിലെടുത്ത മത്സ്യത്തൊഴിലാളികളെ സാഹസികമായി മോചിപ്പിച്ച് ഇന്ത്യ. പാക് കപ്പലിനെ പിന്തുടര്‍ന്ന ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡ് മത്സ്യത്തൊഴിലാളികളെ സാഹസികമായി മോചിപ്പിച്ചു. സമുദ്രാതിര്‍ത്തിയിലെ നോ ഫിഷിങ് സോണിലാണ് സംഭവം അരങ്ങേറിയത്. കപ്പല്‍ ഗുജറാത്തിലെ ഓഖ തുറമുഖത്ത് മടങ്ങിയെത്തി.

ഇന്ത്യ-പാകിസ്താന്‍ സമുദ്ര അതിര്‍ത്തിയില്‍ നോ ഫിഷിങ് സോണില്‍ വെച്ച് ഇന്ത്യന്‍ മത്സ്യബന്ധന കപ്പലിന്റെ സന്ദേശം കോസ്റ്റ് ഗാര്‍ഡിന് ലഭിക്കുകയായിരുന്നു. മറ്റൊരു കപ്പലിനെ പാകിസ്താന്‍ കസ്റ്റഡിയിലെടുത്തു എന്നും അതിലുണ്ടായിരുന്ന ഏഴ് മത്സ്യത്തൊഴിലാളികളെ കസ്റ്റഡിയിലെടുത്തുവന്നുമായിരുന്നു സന്ദേശം.

ഉടന്‍ തന്നെ കോസ്റ്റ്ഗാര്‍ഡ് വിഷയത്തിലിടപെട്ടു. മത്സ്യത്തൊഴിലാളികളുമായി പുറപ്പെട്ട പാകിസ്താന്‍ മാരിടൈം ഏജന്‍സിയുടെ പി.എം.എസ് നുസ്രത്ത് എന്ന കപ്പലിനെ പിന്തുടരാനായി കോസ്റ്റ്ഗാര്‍ഡ് കപ്പല്‍ അയക്കുകയായിരുന്നു. ഏകദേശം രണ്ട് മണിക്കൂറിലേറെ നീണ്ടുനിന്ന നാടകീയമായ ചേസിങ്ങിനൊടുവില്‍ ഈ ഏഴ് മത്സ്യത്തൊഴിലാളികളെയും കോസ്റ്റ് ഗാര്‍ഡ് മോചിപ്പിക്കുകയായിരുന്നു. കോസ്റ്റ് ഗാര്‍ഡ് ഇത് സംബന്ധിച്ച് വാര്‍ത്താ കുറിപ്പ് പുറത്തിറക്കിയതോടെയാണ് വിവരം പുറംലോകമറിഞ്ഞത്. യാതൊരു പ്രകോപനവുമില്ലാതെയാണ് പാകിസ്താന്‍ മാരിടൈം ഏജന്‍സി മത്സ്യത്തൊഴിലാളികളെ പിടികൂടിയിരുന്നത്.

ഞായറാഴ്ച തന്നെ ഈ ഏഴ് പേരെയും കൊണ്ട് കോസ്റ്റ് ഗാര്‍ഡ് കപ്പല്‍ ഗുജറാത്തിലെ തീരത്ത് മടങ്ങിയെത്തി. മത്സ്യത്തൊഴിലാളികള്‍ പൂര്‍ണ ആരോഗ്യവാന്‍മാരാണെന്നും കോസ്റ്റ് ഗാര്‍ഡ് വ്യക്തമാക്കി. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories