ഫെബ്രുവരി മാസം മുതൽ മുടങ്ങിക്കിടക്കുന്ന ഓണറേറിയവും ഇൻസെന്റീവും വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആശാ വർക്കർമാർ എൻഎച്ച്എം ഡിപിഎം ഓഫീസിലേക്ക് ധർണ നടത്തി. ഫെബ്രുവരി, ഓഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലെ ഓണറേറിയവും, പൾസ് പോളിയോ, ശൈലി സർവേ, കുഷ്ഠരോഗ സർവേ, പരിശീലനങ്ങൾക്കുള്ള യാത്രാബത്ത എന്നിവയും വിതരണം ചെയ്യാനുണ്ടെന്ന് ആശാ വർക്കർമാർ ചൂണ്ടിക്കാട്ടി.
സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ സമരത്തിന് ശേഷം ഇത് രണ്ടാം തവണയാണ് ആശാ വർക്കർമാർ ഡിപിഎം ഓഫീസിന് മുന്നിൽ പ്രതിഷേധിക്കുന്നത്. കഴിഞ്ഞ മാസം നടത്തിയ സമരത്തിൽ അധികൃതർ നൽകിയ ഉറപ്പ് പാലിക്കപ്പെടാത്തതിനെ തുടർന്നാണ് വീണ്ടും സമരരംഗത്തിറങ്ങിയത്.
ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ പ്രശ്നത്തിന് ഉടൻ പരിഹാരം കാണാമെന്ന് ഉറപ്പ് ലഭിച്ചതിനെ തുടർന്ന് സമരം താൽക്കാലികമായി അവസാനിപ്പിച്ചു. എന്നാൽ, കുടിശ്ശിക ലഭിക്കുന്നില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ആശാ വർക്കർമാർ മുന്നറിയിപ്പ് നൽകി. 17,000 രൂപയോളം വരെ ലഭിക്കാനുള്ളവരുണ്ടെന്നും തിരുവനന്തപുരം ജില്ലയിലാണ് കുടിശ്ശിക വിതരണം ചെയ്യുന്നതിൽ കൂടുതൽ അനാസ്ഥയെന്നും സമരക്കാർ ആരോപിച്ചു.