പാലാ നഗരസഭയിൽ നാടകീയമായ രാഷ്ട്രീയ നീക്കങ്ങൾക്കൊടുവിൽ പുളിക്കക്കണ്ടം കുടുംബത്തിലെ ഇളമുറക്കാരി ദിയ പുളിക്കക്കണ്ടം പുതിയ ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫിന്റെയും നാല് സ്വതന്ത്രരുടെയും പിന്തുണയോടെ 14 വോട്ടുകൾ നേടിയാണ് ദിയ അധികാരം പിടിച്ചെടുത്തത്.
26 അംഗ നഗരസഭാ കൗൺസിലിൽ എൽഡിഎഫിന് 12 അംഗങ്ങളും യുഡിഎഫിന് 10 അംഗങ്ങളുമാണ് ഉണ്ടായിരുന്നത്. ബിനോയ് പുളിക്കക്കണ്ടം, മകൾ ദിയ പുളിക്കക്കണ്ടം, ബിനോയിയുടെ സഹോദരൻ ബിജു പുളിക്കക്കണ്ടം, മായ രാഹുൽ എന്നീ നാല് സ്വതന്ത്ര അംഗങ്ങളുടെ നിലപാടാണ് ഭരണമാറ്റത്തിൽ നിർണ്ണായകമായത്. ഈ നാലുപേരും ദിയയെ പിന്തുണച്ചതോടെ എൽഡിഎഫിന് ഭരണം നഷ്ടമായി.
മുൻപ് സിപിഐഎമ്മിന്റെ ഭാഗമായിരുന്ന പുളിക്കക്കണ്ടം കുടുംബം പാർട്ടിയിൽ നിന്നുള്ള പുറത്താക്കലിന് ശേഷം സ്വതന്ത്ര നിലപാടാണ് സ്വീകരിച്ചിരുന്നത്. കേരള കോൺഗ്രസ് എമ്മിനും ജോസ് കെ മാണിക്കും എതിരെ ശക്തമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു ഇവരുടെ തിരഞ്ഞെടുപ്പ് പ്രചാരണം. പാലായിൽ കേരള കോൺഗ്രസ് എമ്മിന് ഉണ്ടായ വലിയ തിരിച്ചടിയായാണ് ഈ ഫലം വിലയിരുത്തപ്പെടുന്നത്.
പുതിയ തലമുറയുടെ (Gen-Z) പ്രതിനിധിയായ ദിയ പുളിക്കക്കണ്ടം പാലായുടെ വികസനത്തിനായി പുതിയ ആശയങ്ങളുമായി മുന്നോട്ടുപോകുമെന്ന് സത്യപ്രതിജ്ഞയ്ക്ക് ശേഷം അറിയിച്ചു. ദിയയെ ചെയർപേഴ്സൺ സ്ഥാനത്തേക്ക് പിന്തുണയ്ക്കുന്നതിന് പകരമായി ഡെപ്യൂട്ടി ചെയർപേഴ്സൺ സ്ഥാനം പുളിക്കക്കണ്ടം കുടുംബത്തിന് നൽകണമെന്ന ധാരണയും യുഡിഎഫുമായുണ്ടെന്നാണ് സൂചന. പാലാ നഗരസഭയുടെ ചരിത്രത്തിലെ പുതിയൊരു അധ്യായത്തിനാണ് ഇതോടെ തുടക്കമായിരിക്കുന്നത്.