ഓണറേറിയം വർദ്ധനവിൽ തീരുമാനം ഉണ്ടാകാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ആശാപ്രവർത്തകർ. കമ്മിറ്റി രൂപീകരിച്ച് റിപ്പോർട്ട് തയ്യാറാക്കുന്നതിന്റെ കാലാവധി ഒരു മാസമായി ചുരുക്കാമെന്ന തൊഴിൽ വകുപ്പിന്റെ നിർദ്ദേശം സ്വീകാര്യമാണെന്നും എന്നാൽ അതിനുമുമ്പ് ഓണറേറിയത്തിന്റെ കാര്യത്തിൽ തീരുമാനം ഉണ്ടാക്കണമെന്നും ആശാ സമരസമിതി. അതേസമയം ആശാപ്രവർത്തകരുടെ കാര്യത്തിൽ സർക്കാർ അങ്ങേയറ്റം വിട്ടു വീഴ്ച ചെയ്തെന്ന് തൊഴിൽമന്ത്രി വി ശിവൻകുട്ടി…
ആശാപ്രവർത്തകരുടെ സെക്രട്ടറിയേറ്റിന് മുന്നിലെ രാപ്പകൽ സമരം രണ്ടു മാസം പിന്നീടാൻ രണ്ട് ദിനങ്ങൾ മാത്രം ബാക്കി. മന്ത്രിതല ചർച്ചകൾ നാല് കഴിഞ്ഞു. പ്രശ്നങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാനുള്ള കാലാവധി 3 മാസത്തിൽ നിന്ന് 1 മാസമായി ചുരുക്കാമെന്ന തൊഴിൽമന്ത്രിയുടെ നിർദ്ദേശത്തെ സമരസമിതി സ്വീകരിക്കുന്നു. എന്നാൽ ഓണറേറിയത്തിന്റെ കാര്യത്തിൽ എന്തെങ്കിലും വർദ്ധനവുണ്ടാക്കാം എന്ന ഉറപ്പ് ആദ്യം ലഭിക്കണം എന്ന് ആശാ പ്രവർത്തകർ. അതുവരെ സമരം തുടരുമെന്നും സമരസമിതി വ്യക്തമാക്കി.
തൃപ്തികരമായിരുന്നു തൊഴിൽ വകുപ്പ് മന്ത്രിയുമായി നടത്തിയ ചർച്ച എന്നാണ് ആശാ പ്രവർത്തകർ പ്രതികരിച്ചിരുന്നത്.
എന്നാൽ ആശമാരുടെ വിഷയത്തിൽ സർക്കാർ അങ്ങേയറ്റം വിട്ടു വീഴ്ച ചെയ്തിട്ടുണ്ടെന്നും ഇതിൽ കൂടുതൽ ഒരു സർക്കാരിനും ഒന്നുല ചെയ്യാനാകില്ലെന്നുമാണ് തൊഴിൽമന്ത്രിയുടെ ഇന്നത്തെ പ്രതികരണം.
അതേസമയം രാപ്പകൽ സമരത്തിന്റെ 62 ആം ദിവസം സാംസ്കാരിക സാമൂഹിക മേഖലകളിൽ നിന്നടക്കമുള്ള പ്രതിനിധികളെ പങ്കെടുപ്പിച്ച് പൗര സംഗമം നടത്താനുള്ള ഒരുക്കങ്ങളിലാണ് ആശാ സമരസമിതി. അനിശ്ചിതകാല നിരാഹാര സമരം 20 ദിവസവും പിന്നിട്ടു…