പ്ടന: ഇന്ത്യൻ സൈന്യം രാജ്യത്തെ ജനസംഖ്യയുടെ പത്ത് ശതമാനത്തിൻ്റെ നിയന്ത്രണത്തിലാണെന്ന് പരാമർശവുമായി ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. ജനസംഖ്യയുടെ പത്ത് ശതമാനമെന്നുള്ള രാഹുലിന്റെ പരാമർശം ഉയർന്ന ജാതിക്കാരെ സൂചിപ്പിച്ചായിരുന്നു.വ്യാഴാഴ്ച ആരംഭിക്കുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കുടുംബയിൽ നടന്ന പ്രചാരണ റാലിയിലാണ് രാഹുലിന്റെ വിവാദമായി മാറിയേക്കാവുന്ന പരാമർശം ഉണ്ടായത്.
“രാജ്യത്തെ 90 ശതമാനം ജനങ്ങളും ദളിത്, മഹാദളിത്, പിന്നാക്ക, അതിപിന്നാക്ക, അല്ലെങ്കിൽ ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ളവരാണ്. 90 ശതമാനം ആളുകളും സമൂഹത്തിലെ ഏറ്റവും പിന്നാക്കം നിൽക്കുന്ന ആദിവാസി വിഭാഗങ്ങളിൽ നിന്നാണ് വരുന്നത്. ഇന്ത്യയിലെ 500 വലിയ കമ്പനികളുടെ പട്ടികയെടുത്താൽ, പിന്നാക്ക, ദളിത് സമുദായങ്ങളിൽ നിന്നുള്ള ആരെയും നിങ്ങൾക്കവിടെ കാണാൻ കഴിയില്ല. അവരെല്ലാം ആ പത്ത് ശതമാനത്തിൽ നിന്നാണ് വരുന്നത്. എല്ലാ ജോലികളും അവർക്കാണ് ലഭിക്കുന്നത്. സായുധസേനയുടെ നിയന്ത്രണം അവർക്കാണ്. ബാക്കിയുള്ള 90 ശതമാനം ജനതയെ എവിടെയും പ്രതിനിധീകരിക്കുന്നതായി കാണാൻ കഴിയില്ല”, പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് രാഹുൽ പറഞ്ഞു.
"രാജ്യത്തെ 90 ശതമാനം ജനങ്ങൾക്കും ഇടമുള്ള, അവർക്ക് അന്തസ്സോടെയും സന്തോഷത്തോടെയും ജീവിക്കാൻ കഴിയുന്ന ഒരിന്ത്യയാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. കോൺഗ്രസ് എപ്പോഴും പിന്നാക്കക്കാർക്ക് വേണ്ടി പോരാടിയിട്ടുണ്ട്," രാഹുൽ കൂട്ടിച്ചേർത്തു.
ഓഗസ്റ്റിൽ, ഭാരത് ജോഡോ യാത്രയ്ക്കിടെ നടത്തിയ അരുണാചൽ പ്രദേശിൽ ചൈനീസ് സൈന്യം ഇന്ത്യൻ സൈനികരെ മർദിക്കുന്നു എന്ന പരാമർശത്തിൻ്റെ പേരിൽ സുപ്രീം കോടതി അദ്ദേഹത്തെ ശാസിച്ചിരുന്നു. ചൈനീസ് സൈന്യം 2,000 ചതുരശ്ര കിലോമീറ്റർ ഇന്ത്യൻ ഭൂപ്രദേശം കൈയേറിയെന്നും അരുണാചൽ പ്രദേശിൽ ഇന്ത്യൻ സൈനികരെ മർദിക്കുകയാണെന്നുമായിരുന്നു രാഹുൽ പറഞ്ഞത്. ഈ പ്രസ്താവനകൾ ഇന്ത്യൻ സൈന്യത്തെ അപമാനിക്കുകയും പ്രതിച്ഛായക്ക് കളങ്കം വരുത്തുകയും ചെയ്തുവെന്ന് ആരോപിച്ച് ലഖ്‌നൗവിലെ വിരമിച്ച ഒരു പ്രതിരോധ ഉദ്യോഗസ്ഥൻ മാനനഷ്ടത്തിന് പരാതി നൽകുകയും ചെയ്തു.രാഹുൽ ഗാന്ധി ഇപ്പോൾ സായുധ സേനയിൽ ജാതി തിരയുകയാണെന്നും പ്രധാനമന്ത്രി മോദിയോടുള്ള വെറുപ്പിൽ അദ്ദേഹം ഇന്ത്യയെ വെറുക്കുന്നതിൻ്റെ അതിർവരമ്പ് കടന്നിരിക്കുന്നുവെന്നും ബിജെപി നേതാവ് സുരേഷ് നഖുവ പ്രതികരിച്ചു.