മുംബൈ: സിനിമ ഒഡീഷന് എത്തിയ കുട്ടികളെ ബന്ദികളാക്കാൻ ശ്രമം നടത്തി പൂട്ടിയിട്ട ആളെ മുംബൈ പോലീസ് വെടിവെച്ചുകൊന്നു. ഇയാൾ പൂട്ടിയിട്ട 17കുട്ടികൾ ഉൾപ്പടെയുള്ളവരെ പോലീസ് മോചിപ്പിച്ചു. മുംബൈയിലെ ആർ.എ. സ്റ്റുഡിയോയിൽ സിനിമാ ഒഡീഷനെത്തിയ കുട്ടികളെയാണ് ഈ സ്ഥാപനത്തിലെ ജീവനക്കാരനായ രോഹിത് ആര്യ എന്നയാൾ തടവിലാക്കിയത്. കമാൻഡോ ഓപ്പറേഷനിലൂടെയാണ് ഇയാളെ പോലീസ് കീഴ്പ്പെടുത്തിയത്.യുവാവിന്റെ കയ്യിൽ രാസവസ്തുക്കളും എയർഗണ്ണും ഉണ്ടായിരുന്നു. 17കുട്ടികളും രണ്ട് പ്രായപൂർത്തിയായവരും പൂട്ടിയിട്ടവരിൽ ഉണ്ടായിരുന്നു.
മണിക്കൂറുകൾ നീണ്ട കമാൻഡോ ഓപ്പറേഷനിൽ കൂടിയായിരുന്നു കുട്ടികളെ മോചിപ്പിച്ചത്. കമാൻഡോകളും ക്വിക് റെസ്പോൺസ് ടീമും വാതിൽ തകർത്ത് അകത്തുകയറുകയായിരുന്നു. തുടർന്ന് പ്രതിയുടെ കാലിൽ വെടിവെച്ചു. കുട്ടികളെ മോചിപ്പിച്ച ശേഷം പ്രതിയെ ആശുപത്രിയിൽ എത്തിച്ചു. ഇവിടെ വെച്ച് ഇയാൾ മരിച്ചതായാണ് റിപ്പോർട്ട്.താൻ ജീവിച്ചിരിക്കുകയാണെങ്കിൽ കുട്ടികളെ താൻതന്നെ മോചിപ്പിക്കുമെന്നും അധികൃതരുടെ ഭാഗത്തുനിന്നുള്ള തെറ്റായ നീക്കം തന്നെ പ്രകോപിതനാക്കുമെന്നും ഇയാൾ വീഡിയോയിൽ മുന്നറിയിപ്പ് നൽകിയിരുന്നു. ഞാൻ ആത്മഹത്യ ചെയ്യുന്നില്ല. അതിനുപകരമായാണ് കുട്ടികളെ ബന്ധികളാക്കി വെച്ച് തന്റെ ആവശ്യം മുന്നോട്ട് വെക്കുന്നത്. ചിലരോട് സംസാരിക്കണം. അതിനുശേഷം കുട്ടികളെ വിട്ടയക്കാമെന്നും ഇയാൾ വീഡിയോയിൽ പറയുന്നു. ഒരു മിനിറ്റ് നീണ്ട വീഡിയോ സന്ദേശമാണ് പുറത്തുവിട്ടത്.
രോഹിത് ആര്യ നാഗ്പൂരിൽ വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട് ഒരു ടെണ്ടർ ഏറ്റെടുത്ത് പണികളെല്ലാം പൂർത്തിയായി 4വർഷമായിട്ടും പണമായ ഒരു കോടി രൂപ ലഭിച്ചില്ല. തന്റെ ന്യായമായ ആവശ്യം പരിഹരിക്കണമെന്നും മഹാരാഷ്ട്ര മുൻ വിദ്യാഭ്യാസ മന്ത്രിയെ കാണണമെന്നാണ് ആവശ്യമെന്നാണ് റിപ്പോർട്ട്.