കൊച്ചി: എഡിജിപി എം.ആർ.അജിത് കുമാർ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ തുടർ നടപടികൾക്ക് ഉത്തരവിട്ട തിരുവനന്തപുരം വിജിലൻസ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. അഴിമതി നിരോധന നിയമ പ്രകാരം, സർക്കാർ ഉദ്യോഗസ്ഥനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി വേണമെന്നും അത് ഹാജരാക്കിയിട്ടില്ലെന്നുമുള്ള അജിത്കുമാറിന്റെ വാദം അംഗീകരിച്ചു ഹർജി ഭാഗികമായി അനുവദിച്ചാണു ജസ്റ്റിസ് എ.ബദറുദ്ദീന്റെ ഉത്തരവ്.
എന്നാൽ പരാതി റദ്ദാക്കണമെന്ന അജിത്കുമാറിന്റെ ആവശ്യം തള്ളി.
വിജിലൻസ് കോടതി ഉത്തരവിലെ മുഖ്യമന്ത്രിക്കെതിരെയുള്ള പരാമർശങ്ങൾ ഹൈക്കോടതി നീക്കി. സർക്കാർ നൽകിയ ഹർജിയിലാണു നടപടി. എന്നാൽ, പരാതിക്കാരനു പ്രോസിക്യൂഷൻ അനുമതി ലഭിച്ചതിനുശേഷം വിജിലൻസ് കോടതിക്കു തുടർ നടപടി സ്വീകരിക്കാമെന്നു സിംഗിൾ ബെഞ്ച് വ്യക്തമാക്കി. പരാതിക്കാരനു ബന്ധപ്പെട്ട അധികൃതരെ അനുമതിക്കായി സമീപിക്കാം. അന്വേഷണ റിപ്പോർട്ടുകളിൽ പ്രത്യേക കോടതിയുടെ കണ്ടെത്തലുകൾ അംഗീകരിക്കാനാവില്ലെന്നു വിലയിരുത്തിയ ഹൈക്കോടതി അതും റദ്ദാക്കി.വിജിലൻസ് കോടതിയുടെ ഓഗസ്റ്റ് 14 ലെ ഉത്തരവ് ചോദ്യം ചെയ്തായിരുന്നു അജിത് കുമാറിന്റെ ഹർജി. മുഖ്യമന്ത്രിക്കെതിരെയുള്ള പരാമർങ്ങൾ റദ്ദാക്കണം, അഴിമതി നിരോധന നിയമപ്രകാരമുള്ള പ്രോസിക്യൂഷൻ അനുമതി തേടിയിട്ടില്ലെന്നുമായിരുന്നു സർക്കാർ വാദം. നെയ്യാറ്റിൻകര നാഗരാജുവിന്റെ ഹർജിയിലായിരുന്നു വിജിലന്‍സ് കോടതി അജിത് കുമാറിനെതിരെ നടപടികൾക്ക് ഉത്തരവിട്ടത്. പ്രോസിക്യൂഷൻ അനുമതി തേടുമെന്നും, എന്നാൽ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും നെയ്യാറ്റിൻകര നാഗരാജു പറഞ്ഞു.