സംസ്ഥാനത്തെ ഡിജിറ്റൽ യൂണിവേഴ്സിറ്റി, സാങ്കേതിക സർവകലാശാല (കെ.ടി.യു) എന്നിവയിലെ വൈസ് ചാൻസലർ (വിസി) നിയമനം സംബന്ധിച്ച കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. വിസി നിയമനത്തിന്റെ കാര്യത്തിൽ സർക്കാരും ഗവർണറും തമ്മിലുള്ള ചർച്ച സമവായത്തിൽ എത്താത്ത സാഹചര്യത്തിലാണ് കോടതിയുടെ ഇന്നത്തെ തീരുമാനം നിർണായകമാകുന്നത്. സമവായത്തിലെത്താൻ കോടതി നിർദ്ദേശിച്ചിട്ടും ഇരുവിഭാഗവും തങ്ങൾ നിർദ്ദേശിച്ച പേരുകളിൽ നിന്ന് പിന്മാറാൻ തയ്യാറായിട്ടില്ല.
കഴിഞ്ഞ ദിവസം മന്ത്രിമാരായ ആർ. ബിന്ദു, പി. രാജീവ് എന്നിവർ ഗവർണറുമായി ഒരു മണിക്കൂറോളം ചർച്ച നടത്തിയിരുന്നു. എന്നാൽ ചർച്ചയിൽ തീരുമാനമൊന്നും ഉണ്ടായില്ല. ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ വിസി നിയമനത്തിനായി സെർച്ച് കമ്മിറ്റി ശുപാർശ ചെയ്ത പേരുകളിൽ നിന്ന് പിന്മാറാൻ ഇരുപക്ഷവും തയ്യാറായില്ല. മുഖ്യമന്ത്രി നിർദ്ദേശിച്ച ഡോ. സജി ഗോപിനാഥ്, ആർ. സതീഷ് എന്നീ പേരുകൾ ഗവർണർ എതിർത്തു. മറുഭാഗത്ത്, ഗവർണർ മുന്നോട്ട് വെച്ച ഡോ. സിസാ തോമസ്, പ്രിയാ ചന്ദ്രൻ എന്നീ പേരുകൾ സർക്കാർ തള്ളുകയും ചെയ്തു.
സെർച്ച് കമ്മിറ്റി ശുപാർശ ചെയ്ത പേരുകൾ തള്ളുന്നതിന് ഗവർണർക്ക് മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് പേരുകൾ തള്ളുന്നതെന്ന് ഗവർണർ മന്ത്രിമാരെ അറിയിച്ചു. ഡോ. സിസാ തോമസ് യോഗ്യയായതുകൊണ്ടാണ് സർക്കാർ വിവിധ സമിതികളിൽ അവരെ നേരത്തെ അംഗമാക്കിയത് എന്നും ഗവർണർ മന്ത്രിമാരെ ഓർമ്മിപ്പിച്ചു. വിസി നിയമനത്തിൽ സുപ്രീം കോടതിയുടെ ഇന്നത്തെ തീരുമാനത്തിലാണ് ഇരുവരും പ്രതീക്ഷയർപ്പിക്കുന്നത്. കോടതി തന്നെ നിയമനം നടത്താനുള്ള സാധ്യതകളാണ് നിലവിൽ തെളിയുന്നത്.