Share this Article
News Malayalam 24x7
മോദി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് മന്ത്രി MB രാജേഷ്
Minister M.B. Rajesh

പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ദേശീയപാത വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷും വിട്ടുനിൽക്കും. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ ചടങ്ങിൽ നിന്ന് ഒഴിവാക്കിയതിനെച്ചൊല്ലിയുള്ള വിവാദങ്ങൾക്കിടയിലാണ് മന്ത്രി രാജേഷും പരിപാടിയിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചത്.

പരിപാടിയുടെ അറിയിപ്പ് ലഭിച്ചത് ഇന്നലെ മാത്രമാണെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. തന്റെ മണ്ഡലത്തിൽ മുൻകൂട്ടി നിശ്ചയിച്ച മറ്റ് പ്രധാന പരിപാടികൾ ഉള്ളതിനാലാണ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാത്തതെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ, കേന്ദ്രത്തിന്റെ പ്രോട്ടോക്കോൾ ലംഘനങ്ങളിലും മുൻപുണ്ടായ ദുരനുഭവങ്ങളിലും മന്ത്രി കടുത്ത അതൃപ്തി പ്രകടിപ്പിച്ചു.


മുമ്പ് തിരുവനന്തപുരത്ത് പ്രധാനമന്ത്രി പങ്കെടുത്ത ഒരു ചടങ്ങിനിടെ തനിക്കുണ്ടായ ദുരനുഭവം മന്ത്രി വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് അനുവദിച്ച പാസ് കൈവശം ഉണ്ടായിരുന്നിട്ടും സുരക്ഷാ ഉദ്യോഗസ്ഥർ തന്നോട് ആധാർ കാർഡ് ആവശ്യപ്പെട്ടതായി മന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പാസിനേക്കാൾ വലുതല്ല ആധാർ കാർഡ് എന്ന് അന്ന് തന്നെ വ്യക്തമാക്കിയിരുന്നു. അത്തരം അപമാനങ്ങൾ സഹിച്ച് ഇത്തരം പരിപാടികൾക്ക് പോയി സമയം കളയാനില്ലെന്നും മന്ത്രി തുറന്നടിച്ചു.


ദേശീയപാത 66-ന്റെ വികസനത്തിൽ സംസ്ഥാന സർക്കാർ വഹിച്ച വലിയ പങ്കിനെ തമസ്‌കരിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് മന്ത്രി ആരോപിച്ചു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ബി.ജെ.പിയുടെ രാഷ്ട്രീയ സ്റ്റണ്ടാണ് ഈ ഉദ്ഘാടന ചടങ്ങെന്നും, അർഹമായ പ്രാധാന്യം നൽകാത്ത ഇടങ്ങളിൽ പോയി നിൽക്കാൻ താല്പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിന് പിന്നാലെ എം.ബി. രാജേഷും വിട്ടുനിൽക്കുന്നത് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള രാഷ്ട്രീയ പോര് കൂടുതൽ ശക്തമാക്കുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories