Share this Article
മേജര്‍ രവി ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍, രഘുനാഥ് ദേശീയ കൗണ്‍സില്‍ അംഗമാവും
വെബ് ടീം
posted on 25-12-2023
1 min read

തിരുവനന്തപുരം: കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്ന സംവിധായകനും നടനുമായ മേജര്‍ രവിയെ സംസ്ഥാന ഉപാധ്യക്ഷനായി നാമനിര്‍ദേശം ചെയ്തു. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് നാമനിര്‍ദേശം ചെയ്തത്. കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്ന സി രഘുനാഥിനെ ദേശീയ കൗണ്‍സില്‍ അംഗമാക്കി. 

സി രഘുനാഥും മേജര്‍ രവിയും കഴിഞ്ഞ ദിവസമാണ് ബിജെപിയില്‍ ചേര്‍ന്നത്. ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡയാണ് ഇരുവര്‍ക്കും അംഗത്വം നല്‍കിയത്. 

കണ്ണൂര്‍ ഡിസിസി മുന്‍ സെക്രട്ടറിയായിരുന്നു സി രഘുനാഥ്. ധര്‍മടം മണ്ഡലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിച്ച രഘുനാഥ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് അവഗണന നേരിടേണ്ടിവന്നുവെന്ന് ചൂണ്ടിക്കാട്ടി ഈ മാസം ആദ്യം പാര്‍ട്ടി വിട്ടിരുന്നു. തുടര്‍ന്നാണ് ബിജെപിയില്‍ ചേര്‍ന്നത്.

ഈ മാസം ആദ്യം നടന്‍ ദേവനെ ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി നിയമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിനിമ രംഗത്തുനിന്നെത്തിയ മേജര്‍ രവിയെയും ഉപാധ്യക്ഷനാക്കുന്നത്. നേരത്തെ, കേരള പീപ്പിള്‍സ് പാര്‍ട്ടി എന്ന പേരില്‍ പാര്‍ട്ടി രൂപീകരിച്ച ദേവന്‍ പിന്നീട് ഇതിനെ ബിജെപിയില്‍ ലയിപ്പിക്കുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories