Share this Article
KERALAVISION TELEVISION AWARDS 2025
'മോണാലിസ'യ്ക്ക് സിനിമയില്‍ അവസരം വാഗ്ദാനംചെയ്ത സംവിധായകന്‍ പീഡനക്കേസില്‍ അറസ്റ്റില്‍
വെബ് ടീം
posted on 31-03-2025
1 min read
monalisa

മഹാകുംഭമേള നടന്ന പ്രയാഗ്‌രാജില്‍ മാല വില്‍പ്പനയ്‌ക്കെത്തിയ മോണാലിസയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. അതിനിടെ, സിനിമയില്‍ അഭിനയിക്കാനുള്ള ആഗ്രഹം അവര്‍ പ്രകടിപ്പിക്കുകയും മുംബൈയില്‍നിന്നുള്ള സിനിമ പ്രവര്‍ത്തകര്‍ കുടുംബത്തെ ബന്ധപ്പെടുകയും ചെയ്തതോടെ മോണാലിസ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞു.പിന്നാലെ 'ദ ഡയറി ഓഫ് മണിപ്പുര്‍' എന്ന തന്റെ സിനിമയിലൂടെ മോണാലിസ സിനിമയില്‍ അരങ്ങേറ്റം കുറിക്കുമെന്ന പ്രഖ്യാപനവുമായി സംവിധായകന്‍ സനോജ് മിശ്ര രംഗത്തെത്തി. മോണാലിസ സിനിമ, അഭിനയം സംബന്ധിച്ച ക്ലാസുകളില്‍ പങ്കെടുക്കുകയാണെന്നും അവര്‍ എഴുത്തും വായനയും പഠിക്കുകയാണെന്നുമുള്ള വിവരം പുറത്തുവന്നു. സനോജ് മിശ്രയാണ് അവരെ പഠിപ്പിച്ചത്. ഇതിന്റെ ചില വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ബലാത്സംഗക്കേസില്‍ ഡല്‍ഹിയില്‍ അറസ്റ്റിലായിരിക്കുകയാണ് സംവിധായകന്‍ സനോജ് മിശ്ര.

സിനിമയില്‍ അഭിനയിപ്പിക്കാമെന്ന വാഗ്ദനംനല്‍കി തുടര്‍ച്ചയായി ചൂഷണംചെയ്തുവെന്ന് ആരോപിച്ച് മറ്റൊരു യുവതി നല്‍കിയ പരാതിയിലാണ് സംവിധായകന്‍ കുരുക്കിലായത്. 2000-ല്‍, ഝാന്‍സിയില്‍ താമസിക്കുന്ന സമയത്ത് ടിക്ക് ടോക്കും ഇന്‍സ്റ്റഗ്രാമും അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിലൂടെയാണ് സംവിധായകന്‍ സനോജ് മിശ്രയുമായി പരിചയപ്പെടുന്നതെന്ന് യുവതി പരാതിയില്‍ പറയുന്നു. പിന്നാലെ ഇരുവരും തമ്മിലുള്ള സൗഹൃദം വളരുകയും നിരന്തരം സംസാരിക്കുന്ന നിലയിലേക്ക് എത്തുകയും ചെയ്തു.2021 ജൂണില്‍ ഝാന്‍സി റെയില്‍വെ സ്റ്റേഷനിലേക്ക് എത്താന്‍ സനോജ് മിശ്ര ആവശ്യപ്പെട്ടുവെന്നും യുവതി വിസമ്മതിച്ചതോടെ സംസാരം ഭീഷണിയുടെ സ്വരത്തിലായെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. ജീവന്‍തന്നെ അപകടത്തിലാക്കും എന്ന തരത്തിലായിരുന്നു ഭീഷണി എന്നാണ് പുറത്തുവരുന്ന വിവരം. ഇതോടെ തൊട്ടടുത്ത ദിവസം യുവതി സംവിധായകനെ കാണാനെത്തി. ഇതോടെ അവരെ സംവിധായകന്‍ ഒരു റിസോര്‍ട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും അവിടെവച്ച് ലഹരിവസ്തുക്കള്‍ നല്‍കി ഉപദ്രവിച്ചുവെന്നുമാണ് പരാതിയില്‍ പറയുന്നത്.

പീഡനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ സംവിധായകന്‍ തന്നെ എതിര്‍ത്താല്‍ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ ആരോപിക്കുന്നു.വിവാഹം കഴിക്കാമെന്നും സിനിമകളില്‍ അഭിനയിപ്പിക്കാമെന്നും വാഗ്ദാനം നല്‍കി മിശ്ര പീഡനം തുടര്‍ന്നുവെന്നും യുവതിയുടെ പരാതിയില്‍ പറയുന്നതായി മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.തനിക്കെതിരെ പരാതി കൊടുത്താൽ സ്വകാര്യചിത്രങ്ങൾ പ്രചരിപ്പിക്കുമെന്നും സനോജ് പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയിരുന്നു. ഇയാൾക്കെതിരെ പീഡനം,ഗർഭം അലസിപ്പിക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കു​റ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.യുവതിക്ക് ഗർഭഛിദ്രം നടത്തിയതുമായി ബന്ധപ്പെട്ടുളള മെഡിക്കൽ രേഖകൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. 45കാരനായ സനോജ് കുമാർ മിശ്ര കുടുംബത്തോടൊപ്പം മുംബയിലായിരുന്നു താമസിച്ചിരുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories