തിരുവനന്തപുരം: അട്ടിമറികളിലും അടിമുടി നാടകീയതയിലും കുളിച്ചാണ് സംസ്ഥാനത്ത് പലയിടത്തും പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പൂർത്തിയായിരിക്കുന്നത്. അധികാരത്തിലേറുന്നതിനും അധികാരത്തിൽ നിന്ന് ഇറക്കുന്നതിനുമായി കൂട്ട രാജിയും ഒഴിഞ്ഞു മാറ്റവും ട്വിസ്റ്റും വഴക്കും ഭീഷണിയുമെല്ലാം പഞ്ചായത്തുകളിൽ നിറഞ്ഞു നിന്നു.
തൃശൂർ ജില്ലയിലെ മറ്റത്തൂരാണ് അക്കൂട്ടത്തിൽ ഏറ്റവും നാടകീയമായി പ്രസിഡന്‍റിനെ തെരഞ്ഞെടുത്തത്. എട്ട് കോൺഗ്രസ് അംഗങ്ങൾ ആണ് പാർട്ടിയിൽ നിന്ന് ഒറ്റയടിക്ക് രാജിവച്ച് ബിജെപിയെ പിന്തുണച്ചത്. സ്വതന്ത്രയായി മത്സരിച്ച് വിജയിച്ച ടെസ്സി ജോസ കല്ലറയ്ക്കൽ ആണ് ഇവിടെ പ്രസിഡന്‍റ് പദവിയിലെത്തിയിരിക്കുന്നത്.4 അംഗങ്ങളുള്ള മറ്റത്തൂരിൽ ഏറ്റവും വലിയ ഒറ്റകക്ഷി എൽഡിഎഫായിരുന്നു. പത്തു സീറ്റാണ് എൽഡിഎഫിനുണ്ടായിരുന്നത്. കോൺഗ്രസിനു എട്ട് അംഗങ്ങളും ബിജെപിക്ക് നാല് അംഗങ്ങളും ഉണ്ടായിരുന്നു. രണ്ട് സ്വതന്ത്രരും വിജയിച്ചു. ഇവർ രണ്ടുപേരും കോൺഗ്രസ് വിമതരായിരുന്നു. ഇന്നു രാവിലെയുണ്ടായ നാടകീയ സംഭവങ്ങൾക്കിടെ 8 കോൺഗ്രസ് അംഗങ്ങളും രാജിവച്ച് സ്വതന്ത്രയായി ജയിച്ച ടെസി ജോസിനു പിന്തുണ പ്രഖ്യാപിച്ചു. ഒപ്പം ബിജെപിയും ടെസിയെ പിന്തുണച്ചു. അതേസമയം ഒരു ബിജെപി അംഗത്തിന്റെ വോട്ട് അസാധുവായി.കോൺഗ്രസ് വിമതരെ പാർട്ടിയിൽ തിരിച്ചെടുക്കുന്നതിലുള്ള അതൃപ്തി ചൂണ്ടിക്കാട്ടിയാണ് രാവിലെ കോൺഗ്രസ് അംഗങ്ങൾ രാജിവച്ചത്. ശേഷം ബിജെപിയുമായി ചേർന്ന് ടെസി ജോസിനെ പിന്തുണയ്ക്കുകയായിരുന്നു. എൽഡിഎഫിനെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ കൂട്ടുകെട്ടുണ്ടായതെന്നാണ് വിലയിരുത്തൽ. അതേസമയം കോൺഗ്രസ് വിമതനായി മത്സരിച്ചു ജയിച്ച ഔസേപ്പിനെ എൽഡിഎഫ് പ്രസിഡന്റ് സ്ഥാനാർഥിയാക്കിയിരുന്നു. ഇതിനു തടയിടാൻ കൂടിയാണ് കോൺഗ്രസ് അംഗങ്ങൾ ബിജെപിക്കൊപ്പം ചേർന്നത്.
പത്തനംതിട്ടയിലെ കോട്ടാങ്ങലിൽ എസ്ഡിപിഐ പിന്തുണയോടെയാണ് യുഡിഎഫ് അധികാരത്തിലേറിയത്. എന്നാൽ എസ്ഡിപിഐയുമായി ബന്ധം വേണ്ടെന്ന് പാർട്ടിനേതൃത്വം കടുംപിടുത്തം പിടിച്ചതോടെ പ്രസിഡന്‍റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ ശ്രീദേവി രാജി സമർപ്പിച്ചു. ബിജെപിയും യുഡിഎഫും സമാസമം നിൽക്കുന്നതിനാൽ ഈ പഞ്ചായത്തിൽ ഇനി ടോസിലൂടെ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കും.കോന്നി ബ്ലോക്ക് പഞ്ചായത്ത് നറുക്കെടുപ്പിലൂടെ യുഡിഎഫിന്. റോബിൻ പീറ്റർ പ്രസിഡന്റ്.പത്തനംതിട്ട നാരങ്ങാനം പഞ്ചായത്തിൽ നറുക്കെടുപ്പിലൂടെ ബിജെപി ഭരണം. വി.വി. പ്രസാദ് പ്രസിഡൻ്റാകും.പത്തനംതിട്ട അയിരൂർ പഞ്ചായത്തിൽ എൽഡിഎഫ് പിന്തുണയോടെയും യുഡിഎഫ് അധികാരത്തിലേറി.
കണ്ണൂരിൽ മുണ്ടേരി പഞ്ചായത്തിൽ നാൽപ്പത്ത് വർഷത്തിനു ശേഷം യുഡിഎഫ് അധികാരത്തിലേറി. എൽഡിഎഫിന്‍റെ ഒരു വോട്ട് അസാധുവായതാണ് യുഡിഎഫിന് അധികാരം നൽകിയത്.ബിനോയ് കുര്യൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റാകും. UDF സ്ഥാനാർത്ഥി ബേബി തോലാനിയെ പരാജയപ്പെടുത്തി.
കോഴിക്കോട് ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ UDF ലെ മില്ലി മോഹനെ തെരഞ്ഞെടുത്തു. ചരിത്രത്തിൽ ആദ്യമായാണ് കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഭരണം UDF ന് ലഭിക്കുന്നത്. മില്ലി മോഹന് 15 വോട്ടും LDF സ്ഥാനാർഥിയായി മത്സരിച്ച പി ശാരുതിയ്ക്ക് 13 വോട്ടും ലഭിച്ചു. അധ്യക്ഷയായി തിരഞ്ഞെടുത്തതിൽ സന്തോഷമുണ്ടെന്നും ക്ഷേമ പ്രവർത്തനങ്ങൾ ചെയ്യാനുള്ള അവസരമായി കാണുമെന്നും മില്ലി മോഹൻ പറഞ്ഞു.
തിരുവനന്തപുരം അഞ്ചുതെങ്ങ് പഞ്ചായത്തിൽ നറുക്കെടുപ്പിൽ കോൺഗ്രസിന് ഭരണം. ഷിൻസി ഐവിൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.ചേന്ദമംഗലം പഞ്ചായത്തിൽ സ്വതന്ത്രന്റെ പിന്തുണയോടെ യുഡിഎഫിലെ പി.എ.ഹരിദാസ് പ്രസിഡന്റ്. സിപിഎം സീറ്റ് നൽകാതിരുന്നതിനെ തുടർന്ന് വിമതനായി മത്സരിച്ചു ജയിച്ച ഫസൽ റഹ്മാൻ ആണ് യുഡിഎഫിനെ പിന്തുണച്ചത്.തിരുവനന്തപുരം പാങ്ങോട് ഗ്രാമപഞ്ചായത്തിൽ നാടകീയ രംഗങ്ങൾ. അധികാരമേറ്റതിന് പിന്നാലെ യുഡിഎഫ് പഞ്ചായത്ത് പ്രസിഡൻറ് എസ് ഗീത രാജിവച്ചു. എസ്ഡിപിഐ പിന്തുണയോടെയാണ് യുഡിഎഫ് ഭരണം പിടിച്ചത്. ഇത് ആവശ്യമില്ല എന്ന് ചൂണ്ടിക്കാണിച്ചാണ് രാജി.
നറുക്കെടുപ്പിൽ ഇടുക്കി മണക്കാട് പഞ്ചായത്ത് എൽഡിഎഫിന്. എൻ. ഈശ്വരൻ പഞ്ചായത്ത് പ്രസിഡൻ്റാകും.
വി. പ്രിയദർശനി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്. 15 വോട്ടുകളാണ് അവർക്ക് ലഭിച്ചത്.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കോൺഗ്രസിലെ ജോഷി ഫിലിപ്പ് തിരഞ്ഞെടുക്കപ്പെട്ടു. 23 അംഗ കൗൺസിലിൽ ഏഴിനെതിരെ 16 വോട്ടുകൾക്കാണ് ജോഷിയുടെ വിജയം.യുഡിഎഫ് സ്വതന്ത്രൻ മറുകണ്ടം ചാടി. പാലാ കരൂർ പഞ്ചായത്ത് ഭരണം എൽഡിഎഫിന്. യുഡിഎഫ് സ്വതന്ത്രൻ പ്രിൻസ് കുര്യത്തിനെ പ്രസിഡൻ്റാക്കിയാണ് എൽഡിഎഫ് അധികാരം ഉറപ്പിച്ചത്. യുഡിഎഫ് ആദ്യ ടേം പ്രസിഡൻ്റ് സ്ഥാനം നൽകാൻ വിസമ്മതിച്ചതാണ് പ്രിൻസ് എതിർ പാളയത്തിലേക്ക് പോകാൻ കാരണം.കുമരകം പഞ്ചായത്തിൽ ബിജെപി പിന്തുണയോടെ യുഡിഎഫ് സ്വതന്ത്രൻ പ്രസിഡൻ്റ്. പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ ബിജെപി യുഡിഎഫിൻ്റെ സ്വതന്ത്രനെ പിന്തുണച്ചു. നറുക്കെടുപ്പിലൂടെ ആണ് പ്രസിഡണ്ടിനെ തെരഞ്ഞെടുത്തത്.പള്ളിപ്പുറം പഞ്ചായത്തിൽ നറുക്കെടുപ്പിലൂടെ എൻഡിഎയുടെ വി. വിനീത തിരഞ്ഞെടുക്കപ്പെട്ടു. ഇവിടെ യുഡിഎഫിനും എൻഡിഎയ്ക്കും 7 സീറ്റുവീതമാണുണ്ടായിരുന്നത്.മാരാരിക്കുളം വടക്കു പഞ്ചായത്തിൽ ഒരു വോട്ട് അസാധുവായെങ്കിലും എൽഡിഎഫിനെ ഭാഗ്യം തുണച്ചു. സിപിഐയിലെ സി.കെ. സരള നറുക്കെടുപ്പിലൂടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
കോഴിക്കോട് വടകര ബ്ലോക്ക് പഞ്ചായത്തില്‍ വന്‍ അട്ടിമറി. ഭരണം യുഡിഎഫിന് ലഭിച്ചു. തിരുവമ്പാടി പഞ്ചായത്തില്‍ വിമതനെ യുഡിഎഫ് പ്രസിഡന്‍റാക്കി.ഏഴ് വീതം സീറ്റുകളായിരുന്നു വടകര ബ്ലോക്ക് പഞ്ചായത്തില്‍ എല്‍ഡിഎഫിനും യുഡിഎഫിനും. നറുക്കെടുപ്പ് വേണ്ട സാഹചര്യത്തിലാണ് യുഡിഎഫിന് ഒരു വോട്ട് അധികം ലഭിച്ചത്. ആര്‍ജെഡിയാണ് യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തത് എന്നാണ് സംശയം. കോട്ടയില്‍ രാധാകൃഷ്ണനാണ് പ്രസിഡന്‍റ്.
വയനാട് മൂപ്പൈനാട് പഞ്ചായത്തില്‍ എല്‍ഡിഎഫിന്‍റെ ഒരു വോട്ട് അസാധുവായതോടെ ഭരണം യുഡിഎഫിന് ലഭിച്ചു.
പാലക്കാട് അഗളി പഞ്ചായത്തില്‍ യുഡിഎഫ് അംഗത്തിന്‍റെ പിന്തുണയോടെ എല്‍ഡിഎഫ് ഭരണത്തിലേറി. വര്‍ഷങ്ങള്‍ക്ക് ശേഷം യുഡിഎഫ് ഭരണം പിടിച്ച മലപ്പുറം തിരുവാലി പഞ്ചായത്തില്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് മാറ്റിവച്ചു. മുസ് ലിം ലീഗും കോണ്‍ഗ്രസും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് യുഡിഎഫ് അംഗങ്ങള്‍ എത്താത്ത സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് മാറ്റിയത്.
കാസർഗോഡ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സ്ഥാനം വീതം വെക്കാൻ എൽഡിഎഫിൽ ധാരണ. 3 വർഷം സിപിഐയും, ഒരു വർഷം കേരള കോൺഗ്രസ് എമ്മും അവസാന വർഷം സിപിഐഎമ്മും വൈസ് പ്രസിഡൻ്റ് സ്ഥാനത്ത് ചുമതലയേൽക്കും.കോറം തികയാത്തതതിനാല്‍ കാസര്‍കോട് പല്ലൂര്‍– പെരിയ പഞ്ചായത്തിലെ വോട്ടടുപ്പും മാറ്റി. തദ്ദേശ സ്ഥാപനങ്ങളിലെ സ്ഥിരസമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് ജനുവരി 5 മുതൽ 7 വരെ നടക്കും. രണ്ടോ മൂന്നോ ദിവസം കഴിഞ്ഞ് സ്ഥിരസമിതികളുടെ അധ്യക്ഷരെയും തിരഞ്ഞെടുക്കും. ഇതു സംബന്ധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ മാർഗനിർദേശം പുറത്തിറക്കി.
ജില്ലാ പഞ്ചായത്തുകളിലെ അധ്യക്ഷന്മാർ
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ എൽഡിഎഫിന്റെ വി.പ്രിയദർശിനിയെ പ്രസിഡൻറ് ആയി തെരഞ്ഞെടുത്തു. കൊല്ലം ജില്ലാ പഞ്ചായത്തിൽ ഡോ.ആർ.ലതാദേവി അധ്യക്ഷയായി. മന്ത്രി ജി.ആർ അനിലിന്റെ ഭാര്യയാണ് ലതാദേവി. പത്തനംതിട്ടയിൽ യുഡിഎഫിന്റെ ദീനാമ്മ റോയി ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി.കോട്ടയം ജില്ലാ പഞ്ചായത്തിൽ യുഡിഎഫിന്റെ ജോഷി ഫിലിപ്പാണ് തെരഞ്ഞെടുക്കപ്പെട്ടത്. ആലപ്പുഴയിൽ എൽഡിഎഫിലെ എ.മഹേന്ദ്രൻ അധ്യക്ഷനായി. യുഡിഎഫിലെ ഷീലാ സ്റ്റീഫൻ ആണ് ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്. യുഡിഎഫിലെ കെ.ജി രാധാകൃഷ്ണൻ എറണാകുളം ജില്ലാ പഞ്ചായത്ത് അധ്യക്ഷനായി. തൃശൂരിൽ എൽഡിഎഫിലെ മേരി തോമസ് ആണ് അധ്യക്ഷ.പാലക്കാട് എൽഡിഎഫിലെ ടി.എം ശശി അധ്യക്ഷനായി. യുഡിഎഫിലെ പി.എ ജബ്ബാർ ഹാജിയാണ് മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്. കോഴിക്കോട് യുഡിഎഫിലെ മില്ലി മോഹൻ, വയനാട് യുഡിഎഫിലെ ചന്ദ്രിക കൃഷ്ണൻ, കണ്ണൂരിൽ എൽഡിഎഫിലെ ബിനോയ് കുര്യൻ, കാസർഗോഡ് എൽഡിഎഫിലെ സാബു അബ്രഹാമും അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫ് അംഗമെത്താൻ വൈകി. മഞ്ചേശ്വരം ഡിവിഷൻ അംഗം ഇർഫാന ഇഖ്ബാലാണ് വോട്ടിങ്ങിനെത്താൻ വൈകിയത്.