ലോക്സഭാ സ്പീക്കർ ഓം ബിർലക്കെതിരെ പ്രതിപക്ഷം അവിശ്വാസപ്രമേയ നോട്ടീസ് നൽകി. കോൺഗ്രസ് നേതാവ് കൊടിക്കുന്നിൽ സുരേഷാണ് 118 എംപിമാർ ഒപ്പിട്ട നോട്ടീസ് ലോക്സഭാ സെക്രട്ടറി ജനറലിന് കൈമാറിയത്. നരേന്ദ്ര മോദി സർക്കാർ അധികാരമേറ്റ ശേഷം ആദ്യമായാണ് ഒരു സ്പീക്കർക്കെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവരുന്നത് എന്ന പ്രത്യേകതയുമുണ്ട്.
ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ നടത്തിയ സമവായ നീക്കങ്ങൾ പരാജയപ്പെട്ടതിനെ തുടർന്നാണ് പ്രതിപക്ഷം ഈ കടുത്ത നടപടിയിലേക്ക് നീങ്ങിയത്. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളെ ബജറ്റ് ചർച്ചയ്ക്ക് മുൻപ് സംസാരിക്കാൻ അനുവദിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിക്കപ്പെടാതിരുന്നതും, കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിക്ക് സംസാരിക്കാൻ അനുമതി നൽകാത്തതും പ്രതിഷേധത്തിന് കാരണമായി. കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു നടത്തിയ ചർച്ചകളും ഫലം കണ്ടില്ല.അവിശ്വാസ പ്രമേയ നോട്ടീസിൽ തൃണമൂൽ കോൺഗ്രസ് (ടി.എം.സി) ഇതുവരെ ഒപ്പിട്ടിട്ടില്ല. സ്പീക്കറുമായി സംസാരിച്ച ശേഷം മാത്രമേ നിലപാട് സ്വീകരിക്കൂ എന്നാണ് ടി.എം.സി വ്യക്തമാക്കിയത്.
പാർലമെന്റ് ചരിത്രത്തിൽ ഇത് നാലാം തവണയാണ് ഒരു സ്പീക്കർക്കെതിരെ അവിശ്വാസ പ്രമേയം വരുന്നത്. ചട്ടപ്രകാരം നോട്ടീസ് നൽകി 14 ദിവസത്തിനുള്ളിൽ ഇത് പരിഗണിക്കേണ്ടതുണ്ട്. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിലായിരിക്കും പ്രമേയം സഭയുടെ പരിഗണനയ്ക്ക് വരിക. അവിശ്വാസ പ്രമേയം ചർച്ചയ്ക്ക് എടുക്കുമ്പോൾ ഒരു മുതിർന്ന അംഗമായിരിക്കും സഭാ നടപടികൾ നിയന്ത്രിക്കുക.