സോംനാഥ്: എസ്ഐആർ നടപടികൾക്കിടെ ഗുജറാത്തിലും ബിഎൽഒ ജീവനൊടുക്കി. സോംനാഥ് ജില്ലയിലെ BLO അരവിന്ദ് വധേർ ആണ് ജീവനൊടുക്കിയത്. എസ്ഐആറിന്റെ ജോലി ഭാരം താങ്ങാനാകുന്നില്ലെന്ന് സോംനാഥിന്റെ ആത്മഹത്യ കുറിപ്പിൽ പറയുന്നു.
കൊടിനാർ താലൂക്കിലെ ദേവ്‌ലി ഗ്രാമത്തിലുള്ള വീട്ടിൽ 6.30 ഓടെയാണ് അരവിന്ദ് വധേറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സർക്കാർ പ്രൈമറി സ്കൂളിൽ അദ്ധ്യാപകനായിരുന്നു വധേർ.
“ഇനി എനിക്ക് ഈ എസ്ഐആർ ജോലി ചെയ്യാൻ കഴിയില്ല. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എനിക്ക് ക്ഷീണവും മാനസിക സമ്മർദ്ദവും അനുഭവപ്പെടുന്നു. നമ്മുടെ മകനെ നോക്കണം. ഇതല്ലാതെ എനിക്ക് മറ്റ് മാർഗമില്ല” അരവിന്ദ് വധേറിന്റെ ആത്മഹത്യ കുറിപ്പിൽ പറയുന്നു.
മരണത്തെക്കുറിച്ച് എല്ലാ വശങ്ങളിൽ നിന്നും പൊലീസ് അന്വേഷിക്കുന്നുണ്ടെന്ന് സോമനാഥ് കളക്ടറും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുമായ എൻ വി ഉപാധ്യായ പറഞ്ഞു.ജില്ലയിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച ബിഎൽഒമാരിൽ ഒരാളായിരുന്നു അരവിന്ദ് വധേരെന്നും അദേഹത്തിന്റെ മരണം ഞെട്ടിപ്പിക്കുന്നതാണെന്നും ജില്ലാ കളക്ടർ പറഞ്ഞു. ബിഎൽഒമാരായി ജോലി ചെയ്യുന്ന അധ്യാപകർ നേരിടുന്ന പ്രശ്‌നങ്ങൾ ഉയർത്തി സർക്കാർ പ്രൈമറി അധ്യാപകരുടെ സംഘടനയായ ഗുജറാത്ത് രാജ്യ പ്രാഥമിക് ശിക്ഷക് സംഘം ന്ധിനഗറിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ കാണുകയും നിവേദനം നൽകുകയും ചെയ്തു.