Share this Article
News Malayalam 24x7
കാണാതായ 13കാരി രാവിലെ ചെന്നൈയിലെത്തി; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഗുവാഹത്തി എക്‌സ്പ്രസില്‍ കയറിയതായി സൂചന
വെബ് ടീം
posted on 21-08-2024
1 min read
MISSING GIRL KAZHAKKOTTAM

തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്നും കാണാതായ പെണ്‍കുട്ടി തസ്മിത്ത് തംസിന്‍ ചെന്നൈയിലെത്തി. രാവിലെ ചെന്നൈ റെയില്‍വേ സ്‌റ്റേഷനില്‍ ഇറങ്ങിയതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. ചെന്നൈ - എഗ്മോര്‍ എക്‌സ്പ്രസില്‍ കയറിയാണ് കുട്ടി അവിടെ എത്തിയതെന്നാണ് പൊലീസിന്റെ സ്ഥിരീകരണം. വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ചെന്നൈയിലേക്ക് പുറപ്പെട്ടു.

കുട്ടി മൂന്നു പ്രാവശ്യം ട്രെയിന്‍ കയറി ഇറങ്ങിയെന്നും ട്രെയിന്‍ പുറപ്പെടുന്നതിന്ന് അല്‍പ്പം മുമ്പ് കുട്ടി ചെന്നൈ-എഗ്മോര്‍ എക്‌സ്പ്രസില്‍ കയറിയെന്നും പൊലീസ് സ്ഥിരികരിച്ചു. ചെന്നൈയില്‍ നിന്ന് പെണ്‍കുട്ടി ഗുവാഹത്തിയില്‍ കയറിയിട്ടുണ്ടോയെന്നതുള്‍പ്പടെ പൊലീസ് സംശയിക്കുന്നു.

തസ്മിത്ത് നാഗര്‍കോവില്‍ റെയില്‍വേ സ്റ്റേഷനിലിറങ്ങിയതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു ഉച്ചയ്ക്ക് 3.03 നാണ് കുട്ടി റെയില്‍വേസ്റ്റേഷനില്‍ ഇറങ്ങിയത്. തുടര്‍ന്ന് പ്ലാറ്റ് ഫോമില്‍ നിന്ന് കുപ്പിയില്‍ വള്ളം എടുത്ത ശേഷം അതേ ട്രെയിനില്‍ തിരികെ കയറുകയും ചെയ്തു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.

ഇന്നലെ ഉച്ചയ്ക്ക് 1.06 ന് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട ബാംഗ്ലൂര്‍ കന്യാകുമാരി ട്രെയിനില്‍ കുട്ടി യാത്ര ചെയ്യുന്ന ഫോട്ടോ പൊലീസിന് ലഭിച്ചത് അന്വേഷണത്തിന് നിര്‍ണായകമായിരുന്നു. കുട്ടിയെ കണ്ട് സംശയം തോന്നിയ ഒരു വിദ്യാര്‍ഥിനി നെയ്യാറ്റിന്‍കരയില്‍ വെച്ച് പകര്‍ത്തിയ ചിത്രമാണ് പൊലീസിന് ലഭിച്ചത്. ട്രെയിനില്‍ നിന്ന് തസ്മിത്ത് എവിടെ ഇറങ്ങി എന്നോ എങ്ങോട്ട് പോയെന്നോ സൂചന ഇല്ല. കുട്ടിയെ കണ്ടെന്ന ഒരു ഓട്ടോ ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കന്യാകുമാരി റെയില്‍വേ സ്റ്റേഷനും ബീച്ചും പോലീസ് അരിച്ചുപെറുക്കിയിട്ടും സൂചനകള്‍ ഒന്നും കിട്ടിയില്ല.

കുട്ടി തന്റെ അടുക്കല്‍ എത്തിട്ടിട്ടില്ലെന്ന് ബംഗളൂരുവിലുള്ള സഹോദരനും അറിയിച്ചതോടെ അന്വേഷണം വഴിമുട്ടി. കന്യാകുമാരിയില്‍ കുട്ടി എത്തിയെന്നത് വിവരം സ്ഥിരീകരിക്കാനാകില്ലെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കന്യാകുമാരി റെയില്‍വേ സ്റ്റേഷന്‍ അകത്തെ ദൃശ്യങ്ങളുടെ പരിശോധിച്ചെങ്കിലും കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല.ഇന്നലെ രാവിലെ 10 മണിക്കാണ് പെണ്‍കുട്ടിയെ കാണാതാകുന്നത്. ഇളയസഹോദരിയുമായി വഴക്കുകൂടിയതിന് 13കാരിയെ അമ്മ ശകാരിച്ചിരുന്നു. ഇതാണ് പിണങ്ങിപ്പോകാന്‍ കാരണമെന്നാണ് മാതാപിതാക്കള്‍ പൊലീസിനോട് പറഞ്ഞത്. കുട്ടി 50 രൂപയുമായാണ് വീട്ടില്‍ നിന്ന് പോയതെന്നാണ് മാതാപിതാക്കള്‍ പൊലീസിനോട് പറഞ്ഞത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories