പരോളിനും ജയിലിലെ സൗകര്യങ്ങള്‍ക്കും കോഴ വാങ്ങിയ ജയില്‍ വകുപ്പ് ഡിഐജി വിനോദ് കുമാറിന്റെ വീട്ടില്‍ പരിശോധന. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ടാണ് വിനോദ് കുമാറിന്റെ ആലപ്പുഴയിലുള്ള വീട്ടില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയത്. തിരുവനന്തപുരം പൂജപ്പുരയിലുള്ള ക്വാര്‍ട്ടേഴ്‌സിലും വിജിലന്‍സ് സംഘം പരിശോധന നടത്തിയിരുന്നു. അനധികൃത സ്വത്ത് സമ്പാദനത്തിന് വിജിലന്‍സ് നേരത്തെ തന്നെ കേസ് എടുത്തിരുന്നു. വിനോദ് കുമാറിന്റെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചതിന്റെയും രേഖകളുടെയും അടിസ്ഥാനത്തില്‍ രണ്ടാമതൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വീട്ടിലും ക്വാര്‍ട്ടേഴ്‌സിലും നിന്ന് പിടിച്ചെടുത്ത രേഖകള്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.