ലോകാരോഗ്യ സംഘടനയില്‍ നിന്ന് പിന്മാറിയതിന് പിന്നാലെ സംഘടനയ്ക്ക് ബദലുണ്ടാക്കാന്‍ നടപടികളുമായി അമേരിക്ക. ലോകാരോഗ്യ സംഘടന അഴിമതി നിറഞ്ഞ് ചാകാറായെന്നും അതിനാല്‍ ലോകരാജ്യങ്ങള്‍ അമേരിക്കയുണ്ടാക്കുന്ന ബദല്‍ സംഘടനയില്‍ ചേരണമെന്നും യുഎസ് ആരോഗ്യവിഭാഗം സെക്രട്ടറി റോബര്‍ട്ട് എഫ് കെന്നഡി ജൂനിയര്‍ ആഹ്വാനം ചെയ്തു. ലോകാരോഗ്യ സംഘടനയ്ക്കുള്ള ഫണ്ടിംഗിന്റെ സിംഹഭാഗവും അമേരിക്ക നല്‍കിയിട്ടുണ്ടെങ്കിലും, ചൈന പോലുള്ള രാജ്യങ്ങള്‍ സ്വന്തം താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന തരത്തില്‍ സംഘടനയില്‍ അനാവശ്യ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് കെന്നഡി കുറ്റപ്പെടുത്തി. മരുന്നു കമ്പനികള്‍, അധികാര രാഷ്ട്രീയം, ഉദ്യോഗസ്ഥ അഴിമതി തുടങ്ങിയവയാണ് സംഘടനയെ നിയന്ത്രിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.