Share this Article
News Malayalam 24x7
റീൽസ് ചിത്രീകരിക്കുന്നതിനിടെ യുവതി പതിമൂന്നാം നിലയിൽ നിന്ന് വീണുമരിച്ചു; ദാരുണ സംഭവം ബംഗളുരുവിൽ
വെബ് ടീം
posted on 26-06-2025
1 min read
NANDHINI

ബംഗളൂരു: റീൽസ് ചിത്രീകരിക്കുന്നതിനിടെ ഇരുപതുകാരി ഫ്ലാറ്റിന്റെ പതിമൂന്നാം നിലയിൽ നിന്ന് വീണുമരിച്ചു.ബംഗളൂരു പരപ്പന അഗ്രഹാരയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ നിന്നാണ്  യുവതി താഴെ വീണത്.ആന്ധ്ര പ്രദേശിലെ ചിറ്റൂരിൽ നിന്ന് ജോലിയ്ക്കായാണ് ബംഗളുരുവിൽ എത്തിയത്. സൂപ്പർ മാർക്കറ്റിൽ സെയിൽസ് എക്സിക്യൂട്ടീവ് ആയ നന്ദിനിയാണ് മരിച്ചതെന്നാണ് റിപ്പോർട്ട്.അർദ്ധരാത്രിയോടെ യുവതീയുവാക്കൾ അടങ്ങിയ ഒരു സംഘത്തോടൊപ്പമാണ് യുവതി നിർമ്മാണത്തിലിരുന്ന കെട്ടിടത്തിലേക്ക് പോയത്. ഇവിടെവച്ച് പ്രണയബന്ധങ്ങളെച്ചൊല്ലി ഇവർക്കിടയിൽ തർക്കമുണ്ടായി എന്നാണ് റിപ്പോർട്ട്. ഇതിനുശേഷം റീൽസ് എടുക്കാൻ കെട്ടിടത്തിന് മുകളിലേക്ക് പോകവെ കാൽവഴുതി താഴെ വീഴുകയായിരുന്നു. ലിഫ്റ്റ് സ്ഥാപിക്കാൻ ഒഴിച്ചിട്ടിരുന്ന ഭാഗത്തിലൂടെയാണ് യുവതി താഴേക്ക് വീണത്.

അപകടം നടന്നയുടൻ സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവർ ഓടിരക്ഷപ്പെട്ടു. യുവതിയെ ആശുപത്രിയിൽ എത്തിക്കാൻ ആരും ശ്രമിച്ചില്ല. വിവരമറിഞ്ഞ് പൊലീസ് എത്തിയപ്പോഴേക്കും യുവതി മരിച്ചിരുന്നു. സംഘത്തിലുള്ള ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല എന്നാണ് പൊലീസ് നൽകുന്ന സൂചന.കെട്ടിടത്തിൽ പാർട്ടി നടത്തിയെന്നും റീൽസ് ചിത്രീകരിക്കാൻ ശ്രമിക്കുന്നതിനിടെ കാൽവഴുതി താഴേക്ക് വീഴുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. അപകടമാണെന്നാണ് ഇപ്പോൾ കരുതുന്നത്. ബന്ധത്തിലെ പ്രശ്നത്തിന്റെ പേരിൽ ആരെങ്കിലും അപായപ്പെടുത്തിയതാണോ എന്ന് ഇപ്പോൾ പറയാനാവില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഡിസിപി പറഞ്ഞു. യുവതിയുടെ സുഹൃത്തുക്കളെ കണ്ടെത്താൻ ശ്രമിക്കുകയാണെന്നും അവർ വ്യക്തമാക്കി.കുറച്ചുനാൾ മുമ്പ് ബംഗളൂരുവിൽ എത്തിയ യുവതി ഒരു ഷോപ്പിംഗ് മാളിൽ ജോലിചെയ്യുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം സ്വദേശത്തേക്ക് കാെണ്ടുപോകും.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories