കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കാത്തിരിപ്പിന് വിരാമമിട്ട് പി.വി. അൻവറും സി.കെ. ജാനുവും യുഡിഎഫിൽ. ഇരുവരുടേയും പാർട്ടികളെ യുഡിഎഫിൽ അസോസിയേറ്റ് അംഗമാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. വിഷ്ണുപുരം ചന്ദ്രശേഖരന്റെ പാർട്ടിയും യുഡിഎഫിൽ അസോസിയേറ്റ് അംഗമാക്കാനും തീരുമാനിച്ചു. യുഡിഎഫ് യോഗത്തിന് ശേഷം തീരുമാനം മാധ്യമങ്ങളോട് വിവരിക്കുകയായിരുന്നു. ഇതോടെ പി.വി. അൻവറിന്റെ തൃണമൂൽ കോൺഗ്രസും സി.കെ. ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ പാർട്ടിയും യുഡിഎഫിലെ അസോസിയേറ്റ് അംഗങ്ങളാകും.
അതേസമയം ജോസ് കെ. മാണിയെ മുന്നണിയിലെടുക്കുന്നത് ചർച്ച ചെയ്യേണ്ട എന്ന നിലപാടിലാണ് പി.ജെ. ജോസഫ്. ഘടകകക്ഷിയാക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച വിഷ്ണുപുരം ചന്ദ്രശേഖരൻ അസോസിയേറ്റ് അംഗമാകാനില്ലെന്നും വാർത്താ സമ്മേളനം വിളിച്ച് യുഡിഎഫിലേക്കില്ലെന്നും പറഞ്ഞു.UDFൽ ചേരാൻ അപേക്ഷ നൽകിയിട്ടില്ലെന്നും താൻ സ്വയം സേവകനാണെന്നും വിഷ്ണുപുരം ചന്ദ്രശേഖരൻ പറഞ്ഞു.നിലവിൽ ജനാധിപത്യ രാഷ്ട്രീയ പാർട്ടിയും കേരള കാമരാജ് കോൺഗ്രസും എൻഡിഎയുടെ ഘടകകക്ഷികളാണ്. ഇവർ എൻഡിഎ വിട്ട് യുഡിഎഫിൽ ചേരാൻ രേഖാമൂലം താത്പര്യം പ്രകടിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് മുന്നണി ഈ തീരുമാനത്തിൽ എത്തിയതെന്ന് വി.ഡി. സതീശൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.