കൊച്ചി: കൊല്ലത്ത് നിന്ന് കൊച്ചിയിലേക്ക് ട്രെയ്നിൽ ജീവൻരക്ഷാ ദൗത്യം. അടിയന്തര ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കായി കൊച്ചിയിലേക്കുള്ള പതിമൂന്നുകാരിയുടെ യാത്ര വന്ദേഭാരത് എക്‌സ്പ്രസില്‍. കൊല്ലം ഏരൂര്‍ സ്വദേശിയായ പെണ്‍കുട്ടിയെയാണ് എയര്‍ ആംബുലന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്ന് വന്ദേഭാരതില്‍ എറണാകുളത്തെത്തിക്കുന്നത്. കൊച്ചി ലിസി ആശുപത്രിയിലാണ് ശസ്ത്രക്രിയ.
ഏഴുമണിയോടെ ആശുപത്രിയിലെത്തിക്കും.തിരുവനന്തപുര ശ്രീചിത്ര ആശുപത്രിയില്‍ ചികിത്സയിലായിരുന്നു പെണ്‍കുട്ടി. ഹൃദയം നിലച്ചുപോകാനുള്ള സാഹചര്യമുണ്ടെന്നും അടിയന്തരശസ്ത്രക്രിയയ്ക്ക് വിധേയയാക്കണമെന്നുമുള്ള ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് കുട്ടിയെ കൊച്ചിയിലെത്തിക്കുന്നത്. അടുത്ത ഹൃദയമാറ്റശസ്ത്രക്രിയ കൊച്ചിയിലാണ് നടക്കാന്‍ സാധ്യത എന്നതിനാല്‍ ലിസി ആശുപത്രിയുമായി ബന്ധപ്പെട്ടു. വെള്ളിയാഴ്ച രാവിലെയാണ് മാറ്റിവെക്കാനുള്ള ഹൃദയം ലഭിച്ചിട്ടുണ്ടെന്ന വിവരം കുട്ടിയുടെ മാതാപിതാക്കള്‍ക്ക് ലഭിക്കുന്നത്.
അടിയന്തരമായി ആശുപത്രിയിലെത്താന്‍ നിര്‍ദേശം ലഭിക്കുകയും ചെയ്തു.കുട്ടിയെ എയര്‍ ആംബുലന്‍സില്‍ എത്തിക്കാനുള്ള ശ്രമം കൊല്ലം എംപി. എന്‍.കെ പ്രേമചന്ദ്രന്റെ ഭാഗത്തുനിന്നുണ്ടായി. എന്നാല്‍ എയര്‍ ആംബുലന്‍സ് ലഭ്യമാകാത്തതിനെ തുടര്‍ന്നാണ് എംപി ക്വാട്ടയില്‍ വന്ദേഭാരതില്‍ കുട്ടിയെ കൊച്ചിയിലെത്തിക്കാനുള്ള തീരുമാനത്തിലെത്തിയത്. ആശുപത്രിയിലെത്തിച്ചയുടനെ പരിശോധനകള്‍ക്ക് ശേഷം അടിയന്തരശസ്ത്രക്രിയ നടത്തുമെന്നാണ് വിവരം.