ആഫ്രിക്കൻ രാജ്യമായ സുഡാനിൽ കൂട്ടക്കൊലയും മനുഷ്യാവകാശ ലംഘനങ്ങളും രൂക്ഷമാകുന്നു. അൽ ഫാഷറിലെ സൗദി ആശുപത്രിയിൽ നിന്ന് ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെ 460 പേരെ റാപ്പിഡ് സപ്പോർട്ട് ഫോഴ്സ് (RSF) കൊലപ്പെടുത്തിയതായി റിപ്പോർട്ട്. കൂടാതെ, നിരവധി പേരെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയതായും വിവരങ്ങൾ പുറത്തുവരുന്നു.
ഏകദേശം 18 മാസത്തോളമായി ഉപരോധം നേരിടുന്ന അൽ ഫാഷർ നഗരം പൂർണമായും RSF-ന്റെ നിയന്ത്രണത്തിലായിരിക്കുകയാണ്. നഗരത്തിലെ സൗദി ആശുപത്രിയിൽ നിന്ന് ഡോക്ടർമാർ, നഴ്സുമാർ, രോഗികൾ, കൂട്ടിരിപ്പുകാർ എന്നിവരുൾപ്പെടെ 460 പേരെയാണ് RSF കൊലപ്പെടുത്തിയത്. ഈ ക്രൂരകൃത്യങ്ങൾ മൂന്ന് ഘട്ടങ്ങളിലായി നടന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആദ്യം ആശുപത്രിയിലെത്തി ഡോക്ടർമാരെയും നഴ്സുമാരെയും ബന്ദികളാക്കി കൊണ്ടുപോയി. പിന്നീട് തിരിച്ചെത്തി രോഗികളെയും കൂട്ടിരിപ്പുകാരെയും വെടിവെച്ച് കൊന്നു. മൂന്നാമതായി, സ്ത്രീകളെ ഉൾപ്പെടെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു.
വർഷങ്ങളായി സുഡാനിൽ ആഭ്യന്തരയുദ്ധം രൂക്ഷമാണ്. 2019-ൽ പട്ടാള അട്ടിമറിയിലൂടെ ഒമർ അൽ ബാഷിറിനെ പുറത്താക്കിയതിനുശേഷം സൈന്യത്തിലെ ഒരു വിഭാഗം വിമതസേനയായി മാറുകയായിരുന്നു. ജനറൽ ഡഗലോയുടെ നേതൃത്വത്തിലുള്ള റാപ്പിഡ് സപ്പോർട്ട് ഫോഴ്സ് ആണ് ഈ കൂട്ടക്കൊലകൾക്ക് നേതൃത്വം നൽകുന്നത്. സുഡാനിൽ ഇതുവരെ 40,000-ത്തിലധികം പേർ ആഭ്യന്തരയുദ്ധത്തിൽ കൊല്ലപ്പെട്ടുവെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ വ്യക്തമാക്കുന്നത്. RSF-ന്റെ ഈ ക്രൂരമായ നടപടികൾ സുഡാനെ ഒരു ചോരക്കളമാക്കി മാറ്റിയിരിക്കുകയാണ്.