തിരുവനന്തപുരം∙ ടാക്സി ഡ്രൈവർക്കെതിരെ വർഗീയ പരാമർശം നടത്തിയെന്ന പരാതിയിൽ നടൻ ജയകൃഷ്ണനെതിരെ കേസ്. ഡ്രൈവർ അഹമ്മദ് ഷഫീഖിന്‍റെ പരാതിയിൽ കർണാടക ഉർവ പൊലീസാണ് ജയകൃഷ്ണന് എതിരെ കേസ് റജിസ്റ്റർ ചെയ്തത്. മംഗളൂരുവിൽ ജയകൃഷ്ണനും സുഹൃത്തുക്കളും യാത്രയ്ക്കായി ഊബർ ടാക്സി വിളിച്ചിരുന്നു. വാഹനം ബുക്ക് ചെയ്തപ്പോൾ വിലാസം മംഗളൂരു ബെജൈ ന്യൂ റോഡ് എന്നാണ് നൽകിയത്. ടാക്സി ഡ്രൈവർ പിക്കപ്പ് ലൊക്കേഷൻ സ്ഥിരീകരിക്കാൻ ആപ്പ് വഴി അവരെ ബന്ധപ്പെട്ടു.
സംസാരത്തിനിടെ ജയകൃഷ്ണൻ ഹിന്ദിയിൽ വർഗീയ പരാമർശം നടത്തി ആക്രോശിച്ചതായാണ് ഡ്രൈവറുടെ പരാതി. മലയാളത്തിൽ അധിക്ഷേപകരമായി സംസാരിച്ചുവെന്നും ചോദ്യം ചെയ്തപ്പോൾ വീണ്ടും അധിക്ഷേപിച്ചെന്നും ഡ്രൈവർ പരാതിപ്പെട്ടു. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 352, 353(2) പ്രകാരമാണ് കേസ്.