ജെറുസലേം:രണ്ടു ദിവസത്തെ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സഹോദരനെന്ന് വിശേഷിപ്പിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രായേൽ പാർലമെന്റായ കനെസെറ്റിൽ മോദിക്ക് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു നെതന്യാഹു. ഇസ്രയേൽ പാർലമെന്റിൽ എത്തിയ പ്രധാനമന്ത്രിക്ക് അംഗങ്ങൾ എഴുന്നേറ്റുനിന്ന് ആദരവ് പ്രകടിപ്പിച്ചു. മോദി ഇസ്രയേലിന്റെ ഉറച്ച സഖ്യകക്ഷിയാണെന്നും അദ്ദേഹം ഇന്ത്യയെ മാറ്റിമറിച്ചുവെന്നും കനെസെറ്റ് സ്പീക്കർ അമീർ ഓഹാന പ്രശംസിച്ചു.
മോദിയെ തന്റെ 'സുഹൃത്ത് മാത്രമല്ല, സഹോദരനാണ്' എന്ന് വിശേഷിപ്പിച്ച നെതന്യാഹു, ലോകമെമ്പാടും പ്രശസ്തമായ 'മോദി ഹഗ്' തനിക്ക് ലഭിച്ചതിൽ സന്തോഷമുണ്ടെന്നും പാർലമെന്റിൽ പറഞ്ഞു. അതേ സമയം നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ ഇസ്രയേലിലെ പ്രതിപക്ഷ എംപിമാർ സഭ ബഹിഷ്‌കരിച്ചിരുന്നു. സുപ്രീം കോടതി പ്രസിഡന്റിനെ ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ചാണ് പ്രതിപക്ഷ പാർട്ടികൾ സഭയിൽ നിന്ന് ഇറങ്ങിപ്പോയത്. എന്നാൽ ഇന്ത്യയോടുള്ള ബഹുമാനസൂചകമായി മോദിയുടെ പ്രസംഗം കേൾക്കാൻ അവർ പിന്നീട് തിരിച്ചെത്തി.
ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ-സുരക്ഷാ ബന്ധങ്ങൾ കൂടുതൽ ആഴത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് മോദി ഇസ്രയേലിലെത്തിയത്. ടെൽ അവീവിലെ ബെൻ ഗുറിയാൻ വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ പ്രോട്ടോക്കോൾ മര്യാദകൾ മാറ്റിവെച്ച് ബെഞ്ചമിൻ നെതന്യാഹു നേരിട്ടെത്തി.