തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. ഇന്ന് എല്ലാ ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ മഴ കണക്കിലെടുത്ത് എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. ശക്തമായ കാറ്റോടുകൂടിയ കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നതെന്ന് മുന്നറിയിപ്പില്‍ പറയുന്നു.
തെലങ്കാന മുതല്‍ കര്‍ണാടക തീരത്തിനടുത്തുള്ള മധ്യ കിഴക്കന്‍ അറബിക്കടല്‍ വരെ സമുദ്രനിരപ്പില്‍ നിന്ന് 1.5 km- 3.1 km ഉയരത്തില്‍ ഒരു ന്യൂന മര്‍ദ്ദ പാത്തി രൂപപ്പെട്ടു. മധ്യ ഉത്തര്‍പ്രദേശിന്റെ വടക്കന്‍ ഭാഗങ്ങള്‍ക്ക് മുകളിലായി ന്യൂനമര്‍ദ്ദ മേഖല സ്ഥിതി ചെയ്യുന്നു. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇത് ക്രമേണ ശക്തി കുറയാന്‍ സാധ്യത. ഗുജറാത്ത് തീരം മുതല്‍ മഹാരാഷ്ട്ര തീരം വരെയുള്ള തീരദേശ ന്യൂനമര്‍ദ്ദ പാത്തി ദുര്‍ബലമായി.