മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റാകും. ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉണ്ടാകുമെന്നാണ് സൂചന. ഇന്നലെ ചേർന്ന സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് കെ. ജയകുമാറിന്റെ പേര് നിർദ്ദേശിച്ചത്.ശബരിമല സ്വർണ്ണക്കവർച്ചാ വിവാദത്തിൽ സർക്കാരും ദേവസ്വം ബോർഡും പ്രതിരോധത്തിലായ സാഹചര്യത്തിലാണ് മുൻ ചീഫ് സെക്രട്ടറിയെ പ്രസിഡന്റാക്കാനുള്ള ഈ തീരുമാനം. മലയാള സർവകലാശാലയുടെ മുൻ വൈസ് ചാൻസലറും നിലവിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവൺമെന്റ് ഡയറക്ടറുമാണ് കെ. ജയകുമാർ.